തിരുവനന്തപുരം: സ്വന്തം യാത്രാസുരക്ഷയിൽ വിപ്ലവകരമായ ശൈലീമാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. തന്റെ യാത്രകൾക്കായി വിപുലമായ സുരക്ഷാ സജ്ജീകരണങ്ങൾ ആവശ്യമില്ലെന്ന് അദ്ദേഹം ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഒരു പൈലറ്റ് വാഹനവും എസ്കോർട്ടും ഒഴികെ മറ്റ് അധിക വാഹനങ്ങൾ തന്റെ അകമ്പടിക്കായി വേണ്ടെന്നാണ് നിർദ്ദേശം.(VD Satheesan VIP Security Convoy While Ramesh Chennithala Demands Home Ministry)
യാത്രകളുടെ പേരിൽ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡുകളിൽ ഗതാഗത തടസ്സം ഉണ്ടാക്കരുതെന്നും അദ്ദേഹം കർശനമായി നിർദ്ദേശിച്ചു. അകമ്പടി വാഹനങ്ങൾ പൂർണ്ണമായും ഒഴിവാക്കാനായിരുന്നു സതീശന്റെ താല്പര്യമെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി അത് നിർബന്ധമാണെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
അതേസമയം, യു.ഡി.എഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പുരോഗമിക്കെ കോൺഗ്രസിനുള്ളിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി തർക്കം മുറുകുന്നു. നിർണ്ണായകമായ ആഭ്യന്തര വകുപ്പ് ലഭിച്ചാൽ മാത്രമേ താൻ മന്ത്രിസഭയിലേക്കുള്ളൂ എന്ന കടുത്ത നിലപാടിലാണ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നാണ് സൂചന. ആഭ്യന്തര വകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ ഒന്നിലധികം അധികാരകേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
വൈകിട്ട് കേരളത്തിലെത്തുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കാണാനാണ് ചെന്നിത്തലയുടെ തീരുമാനം. ആഭ്യന്തര വകുപ്പിന് പുറമെ തന്റെ ഒപ്പമുള്ള രണ്ട് എം.എൽ.എമാരെ മന്ത്രിമാരാക്കണമെന്നും പ്രധാന ബോർഡ്-കോർപ്പറേഷൻ പദവികളിൽ പ്രാതിനിധ്യം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടേക്കും. കൂടാതെ, നിലവിലെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് തന്റെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കനെ നിയമിക്കണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ട് വെക്കുമെന്നാണ് സൂചന.
Story Summary
CM-designate V.D. Satheesan ordered police to cut down his security convoy to just one pilot and escort vehicle to avoid public convenience. Meanwhile, Ramesh Chennithala has reportedly taken a hard stance, refusing to join the cabinet unless given the Home portfolio, a demand Satheesan resists to avoid multiple power centers.

