ന്യൂഡൽഹി: ബസിനുള്ളിൽ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ മുപ്പതുകാരി പോലീസിന് നൽകിയ മൊഴി കേട്ട് അന്വേഷണ ഉദ്യോഗസ്ഥരും ഞെട്ടി. “എനിക്ക് വീട്ടിൽ പോകണം, മൂന്ന് മക്കൾ അവിടെ കാത്തിരിക്കുകയാണ്. നിങ്ങൾക്കെതിരെ പരാതിയൊന്നും നൽകില്ല, എന്നെ വിട്ടയയ്ക്കൂ” എന്ന് കരഞ്ഞുപറഞ്ഞിട്ടും അക്രമികൾ തന്നെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. സരസ്വതി വിഹാർ ബസ് സ്റ്റോപ്പിൽ വെച്ച് സമയം ചോദിച്ച യുവതിയെ ബസിനുള്ളിലേക്ക് വിളിച്ചുകയറ്റിയ ശേഷമാണ് രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചത്.(Delhi Moving Bus Gang Rape Case Victims Heartbreaking Statement And Arrest Updates)
പീഡനത്തിന് ശേഷം അവശയായ യുവതിയെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും അഡ്മിറ്റാകാൻ അവർ തയ്യാറായില്ല. “എന്റെ മക്കൾക്ക് ഞാൻ ചെല്ലാതെ ഭക്ഷണം കിട്ടില്ല, അവർ വീട്ടിൽ എനിക്കായി കാത്തിരിക്കുകയാണ്” എന്നായിരുന്നു യുവതിയുടെ മറുപടി. നാല്, ആറ്, ഒൻപത് വയസ്സുള്ള മൂന്ന് പെൺകുട്ടികളാണ് ഈ യുവതിക്കുള്ളത്. അസുഖബാധിതനായ ഭർത്താവിനെയും മക്കളെയും ഓർത്ത് ചികിത്സ പോലും വേണ്ടെന്ന് വെച്ച ഈ അമ്മയുടെ അവസ്ഥ കണ്ട് പോലീസുകാരും തകർന്നുപോയി.
യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പീഡനം നടന്ന ബസിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. വാഹനത്തിനുള്ളിൽ കർട്ടനുകൾ ഉപയോഗിച്ചിരുന്നു. കൂടാതെ വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റമോ ജി.പി.എസ് സംവിധാനങ്ങളോ എമർജൻസി ബട്ടണോ ബസിലുണ്ടായിരുന്നില്ല. ഇത്തരം കടുത്ത നിയമലംഘനങ്ങൾ നടത്തുന്ന ബസുകൾ ഇപ്പോഴും ഡൽഹിയിലെ നിരത്തുകളിൽ സ്വൈര്യവിഹാരം നടത്തുന്നുവെന്നത് വലിയ ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സ്വദേശികളായ ഉമേഷ് കുമാർ, രാമേന്ദ്ര കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് ഡൽഹി പോലീസ് അറിയിച്ചു.
Story Summary
A 30-year-old mother of three was gang-raped inside a moving bus in Delhi’s Saraswati Vihar area after asking for the time. In a heartbreaking statement to the police, she revealed how she begged the attackers to let her go for the sake of her young children. Police arrested two suspects, Umesh Kumar and Ramendra Kumar, while confirming the bus completely lacked mandated safety features like GPS and emergency buttons.

