തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ രൂപീകരണത്തിനുള്ള ഔദ്യോഗിക ചർച്ചകൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. യുഡിഎഫ് നേതൃയോഗം ഇന്ന് ചേരാനിരിക്കെ, മന്ത്രിസ്ഥാനങ്ങൾ വീതം വയ്ക്കുന്നതിൽ ഘടകകക്ഷികൾക്കിടയിൽ കടുത്ത വടംവലിയാണ് നടക്കുന്നത്. അഞ്ച് എംഎൽഎമാർക്ക് ഒരു മന്ത്രി എന്ന കോൺഗ്രസ് ഫോർമുല അംഗീകരിച്ചാൽ മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനവും ഒരു ഡെപ്യൂട്ടി സ്പീക്കർ പദവിയുമാകും ലഭിക്കുക. എന്നാൽ അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലാണ് ലീഗ്.(UDF Cabinet Formation Discussions And Ministerial Berth Disputes Kerala)
ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. അഞ്ചാമതൊരു മന്ത്രിസ്ഥാനം കൂടി ലഭിക്കുകയാണെങ്കിൽ എ.കെ.എം. അഷ്റഫ്, പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരിലൊരാളെ പരിഗണിച്ചേക്കും.
മറ്റ് ഘടകകക്ഷികളിലും അനിശ്ചിതത്വം തുടരുകയാണ്. ഏഴ് സീറ്റുകൾ നേടിയ കേരള കോൺഗ്രസ് (ജോസഫ്) രണ്ട് മന്ത്രിസ്ഥാനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരെണ്ണം മാത്രമേ നൽകാൻ സാധ്യതയുള്ളൂ. ആർഎസ്പി, സി.പി. ജോൺ, ജേക്കബ് വിഭാഗം, ആർഎംപി എന്നിവരെ എങ്ങനെ മന്ത്രിസഭയിൽ ഉൾക്കൊള്ളുമെന്നത് വലിയ വെല്ലുവിളിയാണ്. കൂടാതെ, സിപിഎം വിട്ടെത്തിയ ജി. സുധാകരൻ ഉൾപ്പെടെയുള്ളവരുടെ കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. കെ.സി. വേണുഗോപാലിന് മുഖ്യമന്ത്രി പദം ലഭിക്കാത്ത സാഹചര്യത്തിൽ ക്യാബിനറ്റിൽ പരമാവധി സ്വാധീനം ഉറപ്പിക്കാൻ അദ്ദേഹത്തിന്റെ പക്ഷവും നീക്കം നടത്തുന്നുണ്ട്.
Story Summary
The UDF is set to begin formal cabinet discussions in Thiruvananthapuram, facing intense pressure from allies for ministerial berths. While the Muslim League demands five seats and the Joseph faction seeks two, the Congress aims to stick to a strict formula, leading to complex negotiations before the upcoming swearing-in ceremony.

