വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സവും ആഗോളതലത്തിൽ എണ്ണപ്രതിസന്ധി സൃഷ്ടിക്കുമ്പോൾ, ഈ സാഹചര്യം സാമ്പത്തിക നേട്ടമാക്കി മാറ്റി അമേരിക്ക. നിലവിൽ അമേരിക്കയിലെ എണ്ണ ഉൽപ്പാദനം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. ഇതോടെ, ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നായി മാറാനും യുഎസ്സിന് സാധിച്ചു.(American power in the energy market, Historic gain in oil exports with the West Asian war)
ടെക്സാസിലെ പേർമിയൻ ബേസിൻ ഉൾപ്പെടെയുള്ള മേഖലകളിൽ ഉൽപ്പാദനം വർദ്ധിപ്പിച്ചതാണ് ഈ നേട്ടത്തിന് പിന്നിൽ. ലോകത്തിലെ ക്രൂഡ് ഓയിലിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ-അമേരിക്ക തർക്കം മൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ആഗോള വിപണിയിലെ ഈ കുറവ് നികത്താൻ അമേരിക്കൻ എണ്ണയ്ക്ക് നിലവിൽ ആവശ്യക്കാർ ഏറുന്നു.
എണ്ണവില വർദ്ധനവ് മൂലം ആഗോളതലത്തിലുണ്ടായ പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാൻ അമേരിക്കയുടെ ഈ കയറ്റുമതി സഹായകമാകും. നിലവിൽ അമേരിക്കയിൽ നിന്ന് വലിയ തോതിൽ എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ യൂറോപ്യൻ, ഏഷ്യൻ ശക്തികളാണുള്ളത്. നെതർലൻഡ്‌സ്, ജപ്പാൻ, ഫ്രാൻസ്, ജർമ്മനി, ദക്ഷിണ കൊറിയ എന്നിവയാണിവ. അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ പ്രകാരം തുർക്കിയിലേക്കും അമേരിക്കയിൽ നിന്നുള്ള എണ്ണക്കപ്പലുകൾ പുറപ്പെട്ടിട്ടുണ്ട്.

