ന്യൂഡൽഹി: ഇറാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നൽകിയിരുന്ന താൽക്കാലിക ഉപരോധ ഇളവുകൾ അമേരിക്ക റദ്ദാക്കുന്നതോടെ അന്താരാഷ്ട്ര എണ്ണ വിപണിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മാർച്ച് 11-ന് മുൻപ് കടലിൽ എത്തിയ എണ്ണ സ്വീകരിക്കുന്നതിനായി അനുവദിച്ച സമയപരിധി ഇനി നീട്ടി നൽകില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വ്യക്തമാക്കി.(Is India burning under Trump’s anger? Crisis in the oil market)
ട്രംപ് ഭരണകൂടത്തിന്റെ പുതിയ സാമ്പത്തിക നയമായ ‘ഇക്കണോമിക് ഫ്യൂറിയുടെ ഭാഗമായാണ് ഈ കടുത്ത നടപടി. ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നതോ ഇറാനിയൻ പണം ബാങ്കുകളിൽ സൂക്ഷിക്കുന്നതോ ആയ രാജ്യങ്ങൾക്കെതിരെ കർശനമായ ‘സെക്കൻഡറി ഉപരോധം’ ഏർപ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ഇറാന്റെ എണ്ണ വരുമാനം പൂർണ്ണമായും തടയുന്നതിലൂടെ അവരെ ഒമാനിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകളിലേക്ക് എത്തിക്കുക എന്നതാണ് വാഷിംഗ്ടണിന്റെ ലക്ഷ്യം. യുദ്ധത്തിന് പകരം സാമ്പത്തിക ഉപരോധത്തിലൂടെ ഇറാനെ തളയ്ക്കാനാണ് ട്രംപ് ഭരണകൂടം മുൻഗണന നൽകുന്നത്.
ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് ഇറാനിൽ നിന്നുള്ള 4 ദശലക്ഷം ബാരൽ എണ്ണ ഇന്ത്യയിലെത്തിയത്. ഇതിന് പിന്നാലെയാണ് ഉപരോധം കർക്കശമാക്കാനുള്ള യുഎസ് തീരുമാനം വരുന്നത്. ഉപരോധം എണ്ണ വിപണിയെ ബാധിക്കുമെങ്കിലും ഇന്ത്യ ആശങ്കാകുലരല്ല. തങ്ങൾക്ക് ആവശ്യമായ എണ്ണ ശേഖരമുണ്ടെന്നും മറ്റ് രാജ്യങ്ങളിൽ നിന്ന് എണ്ണ എത്തിക്കാനുള്ള സന്നാഹങ്ങൾ തയ്യാറാണെന്നും സർക്കാർ അറിയിച്ചു. നിലവിൽ റഷ്യൻ എണ്ണയുടെ വലിയൊരു ഉപഭോക്താവാണ് ഇന്ത്യ. എന്നാൽ അമേരിക്കയുടെ കർശന നിലപാട് റഷ്യയുമായുള്ള ഇടപാടുകളിലും സമ്മർദ്ദമുണ്ടാക്കാൻ സാധ്യതയുണ്ട്.

