തിരുവനന്തപുരം: സാങ്കേതികവിദ്യയിലും നിർമ്മിത ബുദ്ധിയിലും ലോകം മാറിക്കൊണ്ടിരിക്കെ, കേരളത്തിലെ യുവജനങ്ങൾക്ക് സ്വന്തം നാട്ടിൽ തന്നെ മികച്ച വരുമാനമുള്ള ജോലികൾ ലഭ്യമാക്കാൻ വിപുലമായ വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ. നൈപുണ്യ പരിശീലനവും വ്യവസായ പാർക്കുകളും വഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലെ പ്രൊഫഷണൽ തൊഴിൽ ശക്തിയിൽ 172 ശതമാനം വളർച്ച രേഖപ്പെടുത്തി. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, അക്കൗണ്ടന്റുമാർ, അധ്യാപകർ എന്നിവരാണ് ഈ വളർച്ചയിൽ മുന്നിൽ നിൽക്കുന്നത്. നഗരങ്ങളിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന തൊഴിലവസരങ്ങൾ ഇപ്പോൾ കേരളത്തിലെ ഗ്രാമീണ മേഖലകളിലേക്കും വ്യാപിക്കുകയാണ്.
സോഹോ കോർപ്പറേഷൻ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ തങ്ങളുടെ കേന്ദ്രം ആരംഭിച്ച് ഗ്രാമീണ നൈപുണ്യത്തെ പ്രയോജനപ്പെടുത്തുന്നു. കെയ്ൻസ് ടെക്നോളജി പെരുമ്പാവൂരിലെ കിൻഫ്ര പാർക്കിൽ സ്ഥാപിക്കുന്ന യൂണിറ്റിലൂടെ 1500 പേർക്ക് തൊഴിൽ ലഭിക്കും. അമേരിക്കയിൽ നിന്ന് നാല് പ്രൊഫഷണലുകൾ ഈ സ്ഥാപനത്തിൽ ചേരാനായി കേരളത്തിലേക്ക് മടങ്ങിയെത്തിയത് ശ്രദ്ധേയമാണ്. വി-ഗാർഡ് കാക്കനാട് ഇലക്ട്രോണിക്സ് പാർക്കിൽ ആരംഭിച്ച ഗവേഷണ വിഭാഗത്തിൽ 400 പേർക്ക് തൊഴിൽ ലഭിക്കും.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കിൻഫ്ര വഴി മാത്രം 27,335 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇത് കിൻഫ്രയുടെ 30 വർഷത്തെ ചരിത്രത്തിലെ ആകെ തൊഴിലവസരങ്ങളുടെ 40 ശതമാനത്തോളമാണ്. നിതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ സേവനമേഖലയിലെ തൊഴിൽ പങ്കാളിത്തം 48.5 ശതമാനമായി ഉയർന്നു (ദേശീയ ശരാശരി 29.7% മാത്രം). അസാപ് (ASAP), കേരള സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനങ്ങൾ നൽകുന്നു.
അമേരിക്കയിലെ ടാക്സേഷൻ മേഖലയിൽ ജോലി ചെയ്യാൻ സഹായിക്കുന്ന പരിശീലനം അസാപ് നൽകുന്നു. തുടക്കത്തിൽ 4.5 ലക്ഷം മുതൽ 6 ലക്ഷം വരെയും, പരിചയം ലഭിക്കുന്നതോടെ 20 ലക്ഷം വരെയും വാർഷിക വരുമാനം ഈ മേഖലയിൽ ലഭിക്കാം. വർക്ക് നിയർ ഹോം വിദേശ കമ്പനികളിൽ വിദൂരമായി ജോലി ചെയ്യുന്നവർക്കായി വീടിനടുത്ത് തന്നെ ഓഫീസ് സൗകര്യമൊരുക്കുന്ന പദ്ധതിയാണ്.
കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത അയ്യായിരത്തിലധികം കമ്പനികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. കോളേജുകളിലെ ഐഇഡിസികൾ (IEDC), ലീപ് (LEAP) കോ-വർക്കിംഗ് സ്പേസുകൾ എന്നിവ വഴി യുവ സംരംഭകർക്ക് സാമ്പത്തിക സഹായവും മെന്റർഷിപ്പും ഉറപ്പാക്കുന്നു. പ്രതിഭകളുടെ കൊഴിഞ്ഞുപോക്ക് തടയാനും കേരളത്തെ ഒരു നോളജ് ഇക്കോണമിയായി മാറ്റാനുമുള്ള സർക്കാരിന്റെ ഈ നീക്കങ്ങൾ വരും വർഷങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

