കൊച്ചി: വിമാനങ്ങളുടെ പുറംഭാഗം വെറുമൊരു ലോഗോയിലോ നിറങ്ങളിലോ ഒതുക്കാതെ, അവയെ കലയുടെയും സംസ്‌കാരത്തിന്റെയും കഥകൾ പറയുന്ന കാൻവാസുകളാക്കി മാറ്റിയിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. വ്യാഴാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ ‘ദി ഫ്ലൈയിംഗ് കാൻവാസ്’ എന്ന് പേരിട്ടിരിക്കുന്ന ബോയിംഗ് 737-8 വിമാനം എയർ ഇന്ത്യ എക്‌സ്പ്രസ് അനാവരണം ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ‘ഫുൾ ബോഡി’ കണ്ടംപററി ആർട്ട്-റാപ്പ് വിമാനമാണിത്.(Air India Express art-wraps its B737 jet in Kochi-Biennale colors)
ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സമകാലിക കലാരൂപങ്ങളുടെ പ്രദർശനമായ കൊച്ചി-മുസിരിസ് ബിനാലെയുമായുള്ള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ സംരംഭം. പ്രശസ്ത ചിത്രകാരി ഓഷീൻ ശിവയാണ് വിമാനത്തിന്റെ ഉടലിൽ മനോഹരമായ ഈ കലാരൂപം സൃഷ്ടിച്ചിരിക്കുന്നത്. പൈതൃകത്തെ ജീവസ്സുറ്റതും പരിണമിക്കുന്നതുമായ ഒരു ഊർജ്ജമായി പുനരാവിഷ്കരിക്കുകയാണ് ഓഷീൻ ശിവ തന്റെ കൃതിയിലൂടെ ചെയ്തിരിക്കുന്നത്.
പാരമ്പര്യത്തെയും സ്വത്വത്തെയും പ്രതീകപ്പെടുത്തുന്ന ഒരു തമിഴ് രൂപമാണ് വിമാനത്തിലെ ചിത്രത്തിന്റെ പ്രധാന ആകർഷണം. വംശപരമ്പരയെയും പൈതൃകത്തെയും ഭാവിയെയും ബന്ധിപ്പിക്കുന്ന പരമ്പരാഗത ചിഹ്നങ്ങളും മോട്ടീഫുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാലറികൾക്കുള്ളിൽ മാത്രം ഒതുങ്ങുന്ന കലയെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലേക്കും ആകാശത്തേക്കും എത്തിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

