പത്തനംതിട്ട: രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും സി.പി.എമ്മിനെതിരെ ഉന്നയിക്കുന്ന ‘ബി.ജെ.പി ബന്ധം’ വെറും പച്ചക്കള്ളമാണെന്ന് എം.എ. ബേബി. ആർ.എസ്.എസിനെതിരെ ഇന്ത്യ ബ്ലോക്കിന്റെ ഭാഗമായി ശക്തമായ നീക്കമാണ് സി.പി.എം ആഗ്രഹിക്കുന്നതെന്നും എന്നാൽ വസ്തുതകളില്ലാത്ത വ്യാജ ആരോപണങ്ങളാണ് കോൺഗ്രസ് ഉന്നത നേതൃത്വം ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Doesn’t Rahul Gandhi know how to add up the numbers, mocks MA Baby)
ബി.ജെ.പി പല സംസ്ഥാനങ്ങളിലും അധികാരത്തിൽ വരുന്നത് കോൺഗ്രസ് വോട്ടുകൾ ചോരുന്നത് കൊണ്ടാണെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി. ത്രിപുരയിലും അരുണാചൽ പ്രദേശിലും ബി.ജെ.പിക്ക് അധികാരം ലഭിക്കാൻ കാരണം കോൺഗ്രസ് വോട്ടുകൾ അങ്ങോട്ട് പോയതാണ്. ത്രിപുരയിൽ കോൺഗ്രസ് പ്രവർത്തകർ തൃണമൂൽ വഴി ബി.ജെ.പിയിലേക്ക് മാറുന്ന കാഴ്ചയാണ് കണ്ടത്.
തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചത് സി.പി.എമ്മാണ്. മുൻപ് അവിടെ ബി.ജെ.പി ജയിച്ചത് കോൺഗ്രസ് വോട്ടുകൾ മറിഞ്ഞതുകൊണ്ടാണ്. ഇത്തരം ലളിതമായ കണക്കുകൾ പോലും രാഹുൽ ഗാന്ധിക്ക് അറിയില്ലേയെന്നും അദ്ദേഹം പരിഹസിച്ചു. കൊല്ലം, തിരുവനന്തപുരം കോർപ്പറേഷനുകളിൽ കോൺഗ്രസ് – ബി.ജെ.പി കൂട്ടുകെട്ട് പ്രകടമായിരുന്നു. ഇത്തരം അവിശുദ്ധ സഖ്യങ്ങളുണ്ടാക്കുന്ന കോൺഗ്രസ് ആണ് ഇപ്പോൾ സി.പി.എമ്മിനെതിരെ തിരിയുന്നത്.
600 രൂപ കുടിശ്ശിക വരുത്തിയവരാണ് ഇപ്പോൾ 3000 രൂപ നൽകാമെന്ന് ഗ്യാരണ്ടി നൽകി ജനങ്ങളെ പറ്റിക്കുന്നത്. കേരളത്തിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ സി.പി.എമ്മിനെ വർഗീയ പാർട്ടിയായി ചിത്രീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റത്തരം’ എന്ന പ്രയോഗത്തെക്കുറിച്ചും ബേബി പ്രതികരിച്ചു. ഓരോരുത്തർക്കും ഓരോ ഭാഷയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തിയെ അല്ല, മറിച്ച് അദ്ദേഹത്തിന്റെ നിലപാടിനെയാണ് വിമർശിച്ചതെന്നുമായിരുന്നു എം.എ. ബേബിയുടെ വിശദീകരണം.

