മലപ്പുറം: സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ ഇ. ശ്രീധരൻ നേരിട്ട് രംഗത്തെത്തുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളുമായി പങ്കുവെക്കുന്നതിനായുള്ള ജനസമ്പർക്ക പരിപാടി തിങ്കളാഴ്ച രാവിലെ 10.30-ന് മലപ്പുറം ബസ് സ്റ്റാൻഡിൽ ആരംഭിക്കും. അതിവേഗ പാത കടന്നുപോകുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ സമാനമായ പരിപാടികൾ സംഘടിപ്പിക്കും.(High-speed rail, E Sreedharan’s public outreach program from Monday)
അതിവേഗ റെയിൽവേയുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഡി.എം.ആർ.സി.യുടെ മേൽനോട്ടത്തിൽ ഇത് നടപ്പാക്കുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി മലപ്പുറം പൊന്നാനിയിൽ അദ്ദേഹം ഓഫീസ് തുറക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ആർ.ആർ.ടി.എസ് പദ്ധതിക്കെതിരെ ഇ. ശ്രീധരൻ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. ആർ.ആർ.ടി.എസ്. പദ്ധതി സാങ്കേതികമായി പ്രായോഗികമല്ലെന്നും അത് നടപ്പിലാക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

