തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിൽ സർക്കാരിന് യാതൊരു പങ്കുമില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. ക്ഷേത്രവും വിശ്വാസവും സംരക്ഷിക്കാൻ ബോർഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.(Government has not intervened, Minister VN Vasavan on Devaswom Board’s change of stance)
ദേവസ്വം ബോർഡുകൾക്ക് സ്വതന്ത്രമായ അധികാരമുണ്ട്. സർക്കാർ ഈ വിഷയത്തിൽ ഒരു നിർദ്ദേശവും നൽകിയിട്ടില്ല. ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പ്രഖ്യാപിച്ച നിലപാട് ബോർഡിന്റെ സഞ്ചിതമായ തീരുമാനമാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക നിലപാട് അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യും. നിയമവിദഗ്ധരുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. സുപ്രീം കോടതിയിൽ മാർച്ച് 14-ന് കേസ് പരിഗണിക്കുന്നതിന് മുൻപ് തന്നെ സർക്കാർ നിലപാട് വ്യക്തമാക്കും.
നേരത്തെ യുവതി പ്രവേശനത്തെ അനുകൂലിച്ചിരുന്ന ബോർഡ്, ഇപ്പോൾ വിശ്വാസികൾക്കൊപ്പം നിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 2019-ൽ നൽകിയ സത്യവാങ്മൂലം തിരുത്തി പുതിയത് സമർപ്പിക്കാനാണ് ബോർഡ് നീക്കം. സുപ്രീം കോടതിയുടെ മുൻ വിധിയെ എതിർക്കുമെന്നും ആചാരസംരക്ഷണമാണ് ലക്ഷ്യമെന്നും കെ. ജയകുമാർ വ്യക്തമാക്കിയിരുന്നു. മുൻപ് വ്യക്തിപരമായ താല്പര്യങ്ങൾ മൂലമാണ് അനുകൂല നിലപാട് ഉണ്ടായതെന്നാണ് ബോർഡിന്റെ ഇപ്പോഴത്തെ വിശദീകരണം.

