ജെറുസലേം: ‘അർമേനിയൻ വംശഹത്യ’ (Armenian Genocide) ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള പ്രമേയം ഇസ്രായേൽ സർക്കാർ ഞായറാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കും. വിദേശകാര്യ മന്ത്രി ഗിദിയോൺ സാറാണ് ഇക്കാര്യം അറിയിച്ചത്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ അവസാന നാളുകളിൽ അർമേനിയൻ ജനതയ്‌ക്കെതിരെ നടന്നത് വംശഹത്യയാണെന്ന് അംഗീകരിക്കുന്നത് ധാർമ്മികവും ചരിത്രപരവുമായ ബാധ്യതയാണെന്ന് അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. ചരിത്രപരമായ സത്യത്തെ നിഷേധിക്കുന്നതിനെയും ലഘൂകരിക്കുന്നതിനെയും അപലപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുർക്കിയുമായുള്ള നയതന്ത്രബന്ധം കണക്കിലെടുത്ത് ഇത്രയും കാലം ഈ വിഷയത്തിൽ ഔദ്യോഗിക നിലപാട് എടുക്കുന്നതിൽ നിന്ന് ഇസ്രായേൽ വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ, ഹമാസ് ആക്രമണത്തിന് ശേഷം തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാനുമായി ഇസ്രായേലിനുള്ള ബന്ധം വഷളായതോടെയാണ് ഈ നീക്കം. മന്ത്രിസഭ അംഗീകരിച്ച ശേഷം പ്രമേയം ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ അവതരിപ്പിക്കും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന സംഭവങ്ങളിൽ ഏകദേശം 15 ലക്ഷത്തോളം അർമേനിയക്കാർ കൊല്ലപ്പെട്ടുവെന്നാണ് ചരിത്രരേഖകൾ. എന്നാൽ, ഈ കൂട്ടക്കൊലകളെ വംശഹത്യയായി അംഗീകരിക്കാൻ തുർക്കി തയ്യാറായിട്ടില്ല. ഈ നീക്കത്തിനെതിരെ തുർക്കിയിൽ നിന്ന് രൂക്ഷമായ പ്രതികരണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.
Summary: Israeli Foreign Minister Gideon Saar has announced that the government will vote this Sunday on officially recognizing the ‘Armenian Genocide.’ Calling it a moral and historical obligation, Saar stated that the cabinet will vote on the proposal before bringing it to the Knesset. Israel, which previously avoided such recognition to preserve ties with Turkey, has seen relations deteriorate significantly under President Erdogan.

