തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടര വയസ്സുകാരി ഐഷ ഫാത്തിമ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് സിദ്ദിഖ്. ചികിത്സാ പിഴവ് മൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി.(Family of deceased girl child rejects hospital authorities’ claims on medical malpractice)
ആശുപത്രി അധികൃതർ ഉന്നയിച്ച ‘പ്രാണി കടി’ എന്ന വാദത്തെ പിതാവ് പൂർണ്ണമായും തള്ളിക്കളഞ്ഞു. കുഞ്ഞിനെ എന്തോ കടിച്ചു എന്ന തരത്തിൽ പറയുന്നത് തെറ്റാണ്. ആശുപത്രിയിൽ വെച്ച് ഇങ്ങനെയൊരു കാര്യം ഡോക്ടർ പറഞ്ഞിട്ടില്ല. വീട്ടിൽ നിന്ന് നടന്നു വന്ന കുട്ടിയെയാണ് അബോധാവസ്ഥയിൽ എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നത്. രണ്ട് തവണ കുത്തിവെപ്പ് നൽകിയതിന് പിന്നാലെയാണ് കുട്ടിയുടെ ആരോഗ്യനില വഷളായതും അസ്വസ്ഥത പ്രകടിപ്പിച്ചതും.
എന്നാൽ ചികിത്സയിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. കുത്തിവെപ്പ് മൂലമല്ല മരണം സംഭവിച്ചതെന്നും ഇവർ വ്യക്തമാക്കി.

