താൻ ഭീകരനാണെന്ന് യാത്രക്കാരന്; വിമാനം രണ്ടു മണിക്കൂർ വൈകി
മാഡ്രിഡ്: മദ്യലഹരിയിൽ താൻ ഇസ്ലാമിക് ഭീകരനാണെന്ന് “തമാശ’ പൊട്ടിച്ച വിമാനയാത്രക്കാരന് കുടുങ്ങി. പ്രദേശിക സമയം ശനിയാഴ്ച രാവിലെ ബ്രസൽസിൽ നിന്ന് മാഡ്രിഡിലേക്ക് പറക്കാനൊരുങ്ങിയ വിമാനത്തിലാണ് സംഭവം. പ്രശ്നങ്ങളെ തുടർന്ന് വിമാനം രണ്ടു മണിക്കൂർ വൈകിയാണ് യാത്ര പുറപ്പെട്ടത്. മദ്യപിച്ചെത്തിയ ഒന്‍പതംഗ സംഘത്തിൽപ്പെട്ട അന്‍പതു വയസുകാരനാണ് പരിഭ്രാന്തി പരത്തിയത്. മദ്യപിച്ചതിനാൽ യാത്ര അനുവദിക്കാനാവില്ലന്ന് ഒമ്പതംഗ സംഘത്തെ വിമാന കമാൻഡർ അറിയിച്ചപ്പോഴായിരുന്നു ഭീതി പരത്തിയ തമാശ.ഇതേത്തുടർന്നു യാത്രക്കാരെ ഒഴിപ്പിച്ച ശേഷം വിമാനത്തിൽ പോലീസ് പരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. കസ്റ്റഡിയിൽ എടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കും.