മോസ്കോ: റഷ്യയുടെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറുകൾ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ ഈ വർഷം ഇരട്ടിയായതായി റിപ്പോർട്ട് (Ukrainian Drone Strikes Russian Refineries). ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ റഷ്യയിലെ 16 എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയാണ് യുക്രെയ്ൻ വിജയകരമായി ഡ്രോൺ ആക്രമണം നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് എട്ട് ശുദ്ധീകരണ ശാലകൾ മാത്രമായിരുന്നു. ആക്രമണങ്ങൾ റഷ്യയുടെ എണ്ണ ഉത്പാദനത്തെയും കയറ്റുമതിയെയും സാരമായി ബാധിച്ചതായാണ് അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
തുടർച്ചയായ ആക്രമണങ്ങൾ കാരണം ജനുവരി-മെയ് മാസങ്ങൾക്കിടയിൽ പ്രതിദിനം 7,00,000 ബാരൽ എണ്ണ ശുദ്ധീകരണ ശേഷിയാണ് റഷ്യയ്ക്ക് നഷ്ടമായത്. ഏപ്രിലിൽ റഷ്യയുടെ അസംസ്‌കൃത എണ്ണ ഉത്പാദനം മുൻവർഷത്തെ അപേക്ഷിച്ച് പ്രതിദിനം 4,60,000 ബാരൽ കുറഞ്ഞ് 8.8 ദശലക്ഷം ബാരലായി താഴ്ന്നു. റഷ്യയുടെ കിരിഷി, നിഷ്നി നോവ്ഗൊറോഡ്, പെർം, ടുവാപ്സെ തുടങ്ങിയ പ്രമുഖ പ്ലാന്റുകൾ ഇത്തരത്തിൽ തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. ഇറാന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ എണ്ണവില വർദ്ധിച്ചിട്ടും ഉത്പാദനത്തിലെ ഈ ഇടിവ് കാരണം അതിന്റെ സാമ്പത്തിക നേട്ടം കൊയ്യാൻ മോസ്കോയ്ക്ക് സാധിക്കുന്നില്ല. റഷ്യയുടെ ആകെ വരുമാനത്തിന്റെ കാൽഭാഗവും എണ്ണ-വാതക നികുതികളിൽ നിന്നായതിനാൽ, ഇപ്പോഴത്തെ ഉത്പാദനക്കുറവ് റഷ്യൻ ഫെഡറൽ ബഡ്ജറ്റിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
Summary: Ukraine has intensified its drone attacks on Russia’s energy infrastructure, doubling the number of targeted oil refineries to 16 between January and May 2026, compared to eight during the same period last year. According to the International Energy Agency (IEA) and Reuters calculations, these strikes knocked out around 700,000 barrels per day of refining capacity, causing Russia’s April crude output to drop to 8.8 million bpd. This production decline limits Moscow’s ability to capitalize on soaring global energy prices linked to the Iran war, severely pressuring its federal budget.

