ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള ഉച്ചകോടിക്ക് ബെയ്ജിംഗിൽ ഇന്ന് തുടക്കമാകും. ആഗോള സമ്പദ്‌വ്യവസ്ഥയെയും ഭൗമരാഷ്ട്രീയ സമവാക്യങ്ങളെയും സ്വാധീനിക്കാൻ പോന്ന ഈ കൂടിക്കാഴ്ചയിൽ, വ്യാപാര തർക്കങ്ങൾ മുതൽ പശ്ചിമേഷ്യൻ പ്രതിസന്ധി വരെ ചർച്ചയാകുമെന്നാണ് സൂചന.(Trump Xi Jinping Beijing Summit Today)
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ചൈനീസ് വിപണിയിൽ കൂടുതൽ സ്വീകാര്യതയും അവസരങ്ങളും ഉറപ്പാക്കുകയാണ് ട്രംപിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇറാനുമായുള്ള ചൈനയുടെ രഹസ്യ ഇടപാടുകൾക്ക് തടയിടാനും, ഹോർമുസ് കടലിടുക്കിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ചൈനയുടെ ഇടപെടൽ തേടാനും ട്രംപ് ശ്രമിക്കും.
മറുവശത്ത്, തായ്‌വാൻ വിഷയത്തിൽ അമേരിക്കയുടെ ഇടപെടലുകൾ കുറയ്ക്കണമെന്നും നിലവിലുള്ള ഉപരോധങ്ങളിൽ ഇളവുകൾ അനുവദിക്കണമെന്നും ചൈന ആവശ്യപ്പെട്ടേക്കും. പ്രസിഡന്റിനൊപ്പം അദ്ദേഹത്തിന്റെ മകൻ എറിക് ട്രംപിന് പുറമെ, ഇലോൺ മസ്ക്, എൻവിഡിയ മേധാവി ജെൻസൺ ഹുവാങ് തുടങ്ങിയ പ്രമുഖ ടെക് കമ്പനി തലവന്മാരും ബെയ്ജിംഗിലെത്തിയിട്ടുണ്ട്. സാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി (AI) തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ചകളിൽ ഇടംപിടിച്ചേക്കും.
2017-ന് ശേഷം ട്രംപ് നടത്തുന്ന ഈ സന്ദർശനം നേരത്തെ മാർച്ചിൽ നിശ്ചയിച്ചിരുന്നതാണെങ്കിലും, ഇറാൻ-ഇസ്രയേൽ യുദ്ധസാഹചര്യം കാരണം മാറ്റിവെക്കുകയായിരുന്നു. ആഗോളതലത്തിൽ വലിയ രാഷ്ട്രീയ-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിവെക്കാവുന്ന ചർച്ചയായാണ് ഇതിനെ നിരീക്ഷകർ വിലയിരുത്തുന്നത്.
Story Summary
US President Donald Trump and Chinese President Xi Jinping are set to hold high-stakes talks in Beijing today, focusing on trade relations, the Hormuz Strait crisis, and strategic geopolitical concessions. Accompanied by prominent tech leaders like Elon Musk, Trump aims to secure market access for US goods, while China seeks relief from US sanctions and a shift in stance regarding Taiwan.

