ന്യൂയോർക്ക്: ബഹിരാകാശത്ത് ഒരു മലയാളി സാന്നിധ്യം കൂടി അടയാളപ്പെടുത്താൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. നാസയുടെ ബഹിരാകാശ സഞ്ചാരിയായ ഡോ. അനിൽ മേനോൻ ഉൾപ്പെടുന്ന സംഘത്തിന്റെ വിക്ഷേപണം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 8.17-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ‘എക്‌സ്‌പെഡിഷൻ 75’ ദൗത്യത്തിന്റെ ഭാഗമായാണ് ഈ യാത്ര.(Anil Menon, NASA astronaut of Kerala origin to launch into space tonight)
റഷ്യയുടെ സോയൂസ്-2.1എ (Soyuz-2.1a) റോക്കറ്റിലേറ്റുന്ന സോയൂസ് എംഎസ്-29 (Soyuz MS-29) ബഹിരാകാശ പേടകത്തിലാണ് അനിലും സംഘവും യാത്ര തിരിക്കുന്നത്. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് പേടകം കുതിച്ചുയരുക. 49-കാരനായ അനിൽ മേനോനൊപ്പം റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരും ഈ ദൗത്യത്തിലുണ്ട്. ഏകദേശം എട്ട് മാസത്തോളം നീളുന്നതാണ് ഇവരുടെ ബഹിരാകാശ താമസം.
ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രെയ്നിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ എലിസബത്തിന്റെയും മകനാണ് അനിൽ മേനോൻ. മുൻപ് യുഎസ് എയർഫോഴ്സിൽ ലഫ്റ്റനന്റ് കേണലായിരുന്ന അദ്ദേഹം അഫ്ഗാനിസ്ഥാനിലെ ‘ഓപ്പറേഷൻ എൻഡ്യൂറിംഗ് ഫ്രീഡം’ ദൗത്യത്തിൽ പങ്കെടുത്തിട്ടുണ്ട്. ഹിമാലയൻ റെസ്‌ക്യൂ അസോസിയേഷനൊപ്പം ചേർന്ന് എവറസ്റ്റ് കൊടുമുടി കയറുന്നവർക്ക് വൈദ്യസഹായം നൽകാനും റോട്ടറി സ്കോളർഷിപ്പോടെ ഇന്ത്യയിലെത്തി പോളിയോ വാക്സിനേഷൻ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
2014-ൽ ഫ്ലൈറ്റ് സർജനായി നാസയിൽ ചേർന്ന അനിൽ, പിന്നീട് 2018-ൽ സ്‌പേസ് എക്‌സിന്റെ ആദ്യ ഫ്ലൈറ്റ് സർജനായും മെഡിക്കൽ ഡയറക്ടറായും ചുമതലയേറ്റു. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശ യാത്രാ സംഘത്തിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ട് വർഷത്തെ കഠിനമായ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ആദ്യ ദൗത്യത്തിന് ഒരുങ്ങുന്നത്. ദീർഘകാല ബഹിരാകാശ യാത്രകൾ മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനമാണ് ഈ ദൗത്യത്തിൽ അനിൽ പ്രധാനമായും ലക്ഷ്യമിടുന്നത്. മൈക്രോ ഗ്രാവിറ്റിയിൽ രക്തയോട്ടം, നാഡീവ്യൂഹം എന്നിവയ്ക്കുണ്ടാകുന്ന വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനൊപ്പം ബഹിരാകാശ നിലയത്തിലെ കുടിവെള്ളത്തിൽ നിന്ന് ഐവി ഫ്ലൂയിഡുകൾ നിർമിക്കാനുള്ള സാങ്കേതിക പരീക്ഷണങ്ങളും അദ്ദേഹം നടത്തും.
Story Summary
NASA astronaut Dr. Anil Menon, who has paternal roots in Kerala, is all set to travel to the International Space Station tonight aboard the Soyuz MS-29 spacecraft from Kazakhstan. The 49-year-old former Space X flight surgeon will spend eight months in space conducting crucial medical experiments under the Expedition 75 mission.


