പട്ന: വാർദ്ധക്യകാല പെൻഷൻ തുക പരിശോധിക്കാനെത്തിയ 82-കാരൻ അക്കൗണ്ട് ബാലൻസ് കണ്ട് കണ്ണ് തള്ളി. മുസാഫർപൂർ സ്വദേശിയായ കാമേശ്വർ മിശ്രയുടെ ബാങ്ക് അക്കൗണ്ടിലാണ് പെൻഷൻ തുകയ്ക്ക് പകരം 759 കോടിയിലധികം രൂപ കാണിച്ചത്.(Bihar pensioner 759 crore balance, Technical glitch shows 759 crore rupees in Bihar pensioners bank account)
പെൻഷൻ തുക പിൻവലിക്കാനായി കാമേശ്വർ മിശ്രയും ഭിന്നശേഷിക്കാരനായ മകനും കോമൺ സർവീസ് സെന്ററിൽ എത്തിയതായിരുന്നു. പണം പിൻവലിച്ച ശേഷം അക്കൗണ്ടിലെ ബാക്കി തുക പരിശോധിക്കാൻ മിശ്ര ആവശ്യപ്പെട്ടപ്പോഴാണ് കമ്പ്യൂട്ടർ സ്ക്രീനിൽ ഈ വൻ തുക തെളിഞ്ഞത്. ഇതേത്തുടർന്ന് ഭിന്നശേഷി പെൻഷൻ ലഭിക്കുന്ന മകന്റെ അക്കൗണ്ട് പരിശോധിച്ചപ്പോഴും സമാനമായ വലിയ തുക തന്നെ രേഖപ്പെടുത്തിയിരുന്നു. ഇരുവർക്കുമായി ആകെ 1,500 കോടിയിലധികം രൂപയാണ് അക്കൗണ്ടുകളിൽ കാണിച്ചത്.
സംഭവം കണ്ട് മിശ്രയും സിഎസ്‌സി ജീവനക്കാരനും ഒരുപോലെ അമ്പരന്നു. ഇത്രയും വലിയ തുക എവിടെ നിന്ന് വന്നുവെന്ന് തനിക്ക് അറിയില്ലെന്നും ബാങ്കിങ് സംവിധാനത്തിലെ തകരാറാണെന്ന് ബോധ്യപ്പെട്ട ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചതായും മിശ്ര പറഞ്ഞു. ഏതാനും മിനിറ്റുകൾ മാത്രമാണ് ഈ തുക അക്കൗണ്ടിൽ കാണിച്ചത്. വിവരം ബാങ്കിൽ അറിയിച്ചതിന് പിന്നാലെ തുക അപ്രത്യക്ഷമാവുകയും ചെയ്തു.
ബിഹാറിലെ വിവിധ ജില്ലകളിൽ സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈശാലിയിൽ രണ്ടും സമസ്തിപൂർ, നവാദ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും കേസുകളാണ് സമാനമായ രീതിയിൽ റിപ്പോർട്ട് ചെയ്തത്. ഇവിടങ്ങളിലെല്ലാം പെൻഷൻകാരുടെ അക്കൗണ്ടിൽ 740 കോടിയിലധികം രൂപയാണ് കാണിച്ചിരുന്നത്. ഇത് ബാങ്കിങ് സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാർ മാത്രമാണെന്നും യഥാർത്ഥത്തിൽ അക്കൗണ്ടുകളിലേക്ക് പണം ക്രെഡിറ്റ് ആയിട്ടില്ലെന്നും ബാങ്ക് അധികൃതർ പിന്നീട് വ്യക്തമാക്കി.
Story Summary
An 82-year-old man and his disabled son from Bihar were shocked to find over 1,500 crore rupees combined in their pension accounts during a balance check. Bank officials later clarified that the massive figure, which vanished within minutes, was caused by a technical glitch that affected several other pensioners in the state as well.

