നദിയുടെ തീരത്ത് ആയിരക്കണക്കിന് മീനുകൾ ചത്തുപൊന്തിയ നിലയിൽ; ഭയാനകമായ കാഴ്ച

ഓസ്ട്രേലിയയിലെ ഒരു നദിയുടെ തീരത്ത് ആയിരക്കണക്കിന് മീനുകളെ ചത്ത് ചീഞ്ഞളിഞ്ഞ നിലയിൽ കണ്ടെത്തി. ഓസ്ട്രേലിയയിലെ ഒരു വിദൂര നഗരപ്രദേശത്തെ നദിയിലാണ് മീനുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. ഈ പ്രദേശത്ത് കൂടെ ചൂടുതരംഗം കടന്നു പോയതിനാലാണ് ഇത് സംഭവിച്ചത് എന്നാണ് കരുതുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ചത്തടിഞ്ഞ മത്സ്യങ്ങളുടെ മുകളിൽ കൂടി ബോട്ട് നീങ്ങുന്നത് കാണാം. വെള്ളം പോലും കാണാത്തത്രയും ചത്ത മീനുകളാണ് ഇവിടെ അടിഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച, ന്യൂ സൗത്ത് വെയിൽസ് സർക്കാരാണ് മെനിൻഡീ എന്ന ചെറുപട്ടണത്തിനടുത്തുള്ള ഡാർലിംഗ് നദിയിൽ ദശലക്ഷക്കണക്കിന് മീനുകൾ ചത്തുപൊന്തിയ വിവരം വെളിപ്പെടുത്തിയത്. വെള്ളം താഴ്ന്നതനുസരിച്ച് ഓക്സിജന്റെ അളവ് കുറഞ്ഞതാവാം നദിയിൽ ഇത്രയധികം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊന്താൻ കാരണമായിത്തീർന്നത് എന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.