ഐടി തകരാർ; ബ്രിട്ടീഷ് എയർവേസ് ഡസൻ കണക്കിനു വിമാനങ്ങൾ റദ്ദാക്കി
May 26, 2023, 19:19 IST

ലണ്ടൻ: ഐടി തകരാർ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് എയർവേസ് (ബിഎ) വെള്ളിയാഴ്ച തുടർച്ചയായ രണ്ടാം ദിവസവും ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കി. സാങ്കേതിക തകരാറുകൾ മൂലം കുറഞ്ഞത് 42 വിമാനങ്ങളെങ്കിലും ഇന്ന് റദ്ദാക്കി. വ്യാഴാഴ്ച, ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ 80 വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യാൻ എയർലൈൻ നിർബന്ധിതരായി. വ്യാഴാഴ്ച വിമാനങ്ങൾ റദ്ദാക്കിയതിനു പിന്നാലെ ബിഎ യാത്രക്കാരോട് ക്ഷമാപണം നടത്തിയിരുന്നു.
16,000 യാത്രക്കാരെ റദ്ദാക്കൽ ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വിമാനം റദ്ദായവർക്ക് മറ്റ് വിമാനം റീബുക്ക് ചെയ്യാനോ റീഫണ്ട് അഭ്യർഥിക്കാനോ ഉള്ള ഓപ്ഷൻ വിമാനകന്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുന്പ് തങ്ങളുടെ വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാനും ബിഎ യാത്രക്കാരോട് ആവശ്യപ്പെട്ടു.
