ഇമ്രാൻ ഖാൻ അഴിമതി കേസിൽ കോടതിയിലേക്ക്; വീട്ടിലേക്ക് ഇരച്ചുകയറി പോലീസ്
Sat, 18 Mar 2023

ലാഹോർ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അഴിമതി കേസിൽ ഹാജരാകാൻ കോടതിയിലേക്ക് പോകുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് തള്ളിക്കയറി പോലീസ്. ഈ സമയം ഇമ്രാന്റെ ഭാര്യ ബുഷ്റ ബീഗം വീട്ടിലുണ്ടായിരുന്നു. അഴിമതിക്കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് ഇമ്രാൻ ഇസ്ലാമാബാദിലെ കോടതിയിലേക്കു പോയ സമയത്തായിരുന്നു പോലീസ് നടപടി. ബാരിക്കേഡുകൾ പൊളിച്ച് പോലീസ് വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പ്രവർത്തകർക്ക് പരിക്കേറ്റു. 30 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇമ്രാന്റെ വീട്ടിലെത്തിയ അനുയായികളെ പോലീസ് ലാത്തിച്ചാർജ് ചെയ്യുന്നതിന്റെ വീഡിയോ പാർട്ടി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു.
‘‘ബുഷ്റ ബീഗം മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് പഞ്ചാബ് പോലീസ് സമൻ പാർക്കിലെ വീട്ടിലേക്ക് ഇരച്ചുകയറി അതിക്രമം കാട്ടി. ഏതു നിയമത്തിന്റെ പിൻബലത്തിലാണ് അവർ ഇതു ചെയ്തത്? ഒരു നിയമനം അംഗീകരിച്ചതിന്റെ പ്രത്യുപകാരമായി ഒളിവിലുള്ള നവാസ് ഷരീഫിനെ തിരികെയെത്തിച്ച് അധികാരത്തിലേറ്റാനുള്ള ‘ലണ്ടൻ പ്ലാനിന്റെ ഭാഗമാണിത്.’ – ഇമ്രാൻ ഖാൻ വിമർശിച്ചു.