റിയാദ്: യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ ഇറാഖിലെ സായുധസംഘങ്ങളുമായി ചേർന്ന് ഇറാഖ് ഭൂപ്രദേശത്ത് നിന്ന് സൗദി അറേബ്യക്കെതിരെ ആക്രമണം നടത്തിയതായി റിപ്പോർട്ട് (Houthis attack Saudi Arabia from Iraq). സൗദി അറേബ്യയുടെയും മേഖലാ പങ്കാളികളുടെയും വിലയിരുത്തലുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാന്റെ പിന്തുണയുള്ള വിവിധ സായുധസംഘങ്ങൾ തമ്മിലുള്ള സഹകരണവും പ്രവർത്തന ഏകോപനവും കൂടുതൽ ശക്തമായതിന്റെ സൂചനയായാണ് സംഭവത്തെ വിലയിരുത്തുന്നത്.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണ സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലും ഹൂതികൾ പങ്കാളികളായിരുന്നുവെന്നാണ് മേഖലയിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട് പറഞ്ഞത്. ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ അനുകൂല ഇറാഖി സായുധസംഘങ്ങളാണെന്ന് സൗദി അറേബ്യ ഔദ്യോഗികമായി ആരോപിച്ചിരുന്നു. എന്നാൽ, ചില ആക്രമണങ്ങൾ ഇറാഖി സംഘങ്ങളുമായി ചേർന്ന് ഹൂതികൾ നടത്തിയതാണെന്നും ഇവയ്ക്ക് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ മേൽനോട്ടമുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ആക്രമണങ്ങൾക്ക് പിന്നാലെ ഇറാഖിലെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും സൗദി അറേബ്യയും സംയുക്ത വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണവുമായി ബന്ധമുള്ള കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിരുന്നു. അതേസമയം, സൗദിക്കെതിരായ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇറാഖ് അറിയിച്ചിട്ടുണ്ട്. ഹൂതികളും ഇറാനുമായി ബന്ധമുള്ള ഇറാഖി സായുധസംഘങ്ങളും തമ്മിൽ നേരത്തേ തന്നെ അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2024-ൽ ഹൂതികളും ഇറാഖി സായുധവിഭാഗങ്ങളും സംയുക്ത പ്രവർത്തന കേന്ദ്രം രൂപീകരിച്ചതായി ഹൂതി നേതാവ് അബ്ദുൽ മാലിക് അൽ-ഹൂതി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇരുസംഘങ്ങളും സംയുക്ത ആക്രമണം നടത്തിയതായും അറിയിച്ചിരുന്നു. ഇറാഖിൽ ഹൂതികൾക്ക് ഔദ്യോഗിക പ്രതിനിധിയും പ്രവർത്തന സാന്നിധ്യവുമുണ്ട്.
സിറിയയിലെ ബഷർ അൽ-അസദ് ഭരണകൂടത്തിന്റെ പതനത്തിനും ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തി ക്ഷയിച്ചതിനും പിന്നാലെ ഇറാൻ അനുകൂല സായുധ ശൃംഖലയിൽ ഇറാഖിന്റെ പ്രാധാന്യം വർധിച്ചതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യയുമായുള്ള 800 കിലോമീറ്ററിലധികം നീളമുള്ള അതിർത്തിയും വിശാലമായ തുറസ്സായ പ്രദേശങ്ങളും രഹസ്യ ആക്രമണങ്ങൾ നടത്താൻ ഇറാഖിനെ അനുയോജ്യമായ കേന്ദ്രമാക്കുന്നുവെന്നാണ് വിലയിരുത്തൽ. അതേസമയം, സൗദി ആക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങളുടെ നടപടികളെന്നും യെമനിൽ സൗദി ഏർപ്പെടുത്തിയതായി ആരോപിക്കുന്ന ഉപരോധം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഹൂതികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, യെമനിലെ ഹൂതി നിയന്ത്രിത തുറമുഖങ്ങളിലേക്ക് ഈ വർഷം നിരവധി കപ്പലുകൾ എത്തിയിട്ടുണ്ടെന്നും ഉപരോധം ഏർപ്പെടുത്തിയെന്ന ആരോപണം ശരിയല്ലെന്നും സൗദി അറേബ്യ പ്രതികരിച്ചു. സംഭവത്തിൽ സൗദി, ഇറാൻ, ഇറാഖ് സർക്കാരുകളും ഹൂതികളും റോയിട്ടേഴ്സിന്റെ പ്രതികരണ അഭ്യർഥനയോട് മറുപടി നൽകിയിട്ടില്ല.
Summary: Yemen’s Iran-aligned Houthis allegedly launched attacks on Saudi Arabia from Iraqi territory in coordination with Iran-backed Iraqi armed groups, according to regional officials cited by Reuters. The development is seen as a sign of deeper cooperation among Iran-aligned militias and a growing strategic role for Iraq in the regional conflict.


