റിയോ ഡി ജനീറോ: ആഗോള ആരോഗ്യ സമ്മേളനത്തിൽ ആഫ്രിക്കൻ രാജ്യങ്ങളുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ചതിനെ തുടർന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിശദീകരണവുമായി രംഗത്തെത്തി. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന AIDS 2026 സമ്മേളനത്തിലാണ് അമേരിക്കൻ ഉദ്യോഗസ്ഥർ അവതരിപ്പിച്ച ഭൂപടത്തിൽ നിരവധി രാജ്യങ്ങളുടെ സ്ഥാനങ്ങൾ തെറ്റായി രേഖപ്പെടുത്തിയത്. (US Africa map error controversy)
സമ്മേളനത്തിൽ അമേരിക്കയുടെ ആരോഗ്യ പദ്ധതികളെക്കുറിച്ചുള്ള അവതരണത്തിനിടെയാണ് തെറ്റായ ആഫ്രിക്കൻ ഭൂപടം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. നൈജീരിയയെ സഹാറ മരുഭൂമിക്ക് സമീപവും, കിഴക്കൻ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന മൊസാംബിക്കിനെ ഹോൺ ഓഫ് ആഫ്രിക്ക മേഖലയിലും കാണിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പശ്ചിമ ആഫ്രിക്കയിലെ ഐവറി കോസ്റ്റിനെ പോലും ഭൂഖണ്ഡത്തിന്റെ മറുവശത്താണ് ചിത്രീകരിച്ചിരുന്നത്. ഭൂപടത്തിലെ അതിർത്തികളും യഥാർഥ രാജ്യ അതിർത്തികളുമായി പൊരുത്തപ്പെട്ടിരുന്നില്ല. സമ്മേളനത്തിൽ പങ്കെടുത്തവർ ഭൂപടത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.
അമേരിക്കയുടെ പ്രസിഡന്റ് എമർജൻസി പ്ലാൻ ഫോർ എയ്ഡ്സ് റിലീഫ് (PEPFAR) പദ്ധതിയുമായി ബന്ധപ്പെട്ട അവതരണത്തിനിടെയാണ് പിഴവ് സംഭവിച്ചത്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ആരോഗ്യ പ്രതിനിധി ജെഫ് ഗ്രഹാം പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് തെറ്റായ ഭൂപടം പ്രദർശിപ്പിച്ചത്.
റോയിട്ടേഴ്സ് നടത്തിയ പരിശോധനയിൽ ഭൂപടത്തിൽ ഓപ്പൺ ഐ ഉപകരണങ്ങൾ ഉപയോഗിച്ച് സൃഷ്ടിച്ചതാകാമെന്ന് സൂചിപ്പിക്കുന്ന വാട്ടർമാർക്ക് ഉണ്ടായിരുന്നതായി കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് ഓപ്പൺ ഐ അറിയിച്ചു. “അനൗഭാഗ്യകരമായ പിഴവ്” എന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സംഭവത്തെ വിശേഷിപ്പിച്ചത്. പരിപാടിക്ക് തൊട്ടുമുമ്പ് അവതരണ സ്ലൈഡുകൾ വേഗത്തിൽ പരിഷ്‌കരിക്കുന്നതിനിടെ ഒരു ജീവനക്കാരനിൽ നിന്നാണ് പിഴവ് സംഭവിച്ചതെന്നും, ആഫ്രിക്കൻ പങ്കാളികൾ ഉൾപ്പെടെയുള്ളവരിൽ ഉണ്ടായ ആശയക്കുഴപ്പത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും വകുപ്പ് വ്യക്തമാക്കി.
ആഫ്രിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ എച്ച്‌ഐവി ബാധിതർക്കായി മരുന്നുകളും ചികിത്സാ സഹായവും നൽകുന്ന അമേരിക്കൻ പദ്ധതിയാണ് PEPFAR. എന്നാൽ ട്രംപ് ഭരണകൂടം വിദേശ സഹായങ്ങളിൽ വരുത്തിയ കുറവുകളും ചില ആരോഗ്യ പദ്ധതികളുടെ പുനഃപരിശോധനയും നേരത്തെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
Summary: The US State Department apologised after an inaccurate map of Africa showing wrongly labelled countries was displayed during the AIDS 2026 conference in Brazil. The department called it an unfortunate error caused while modifying presentation slides shortly before the event.


