സൂറിച്ച്: ലോകകപ്പും മറ്റ് പ്രധാന ടൂർണമെന്റുകളും നടത്തിപ്പിനായി സ്വകാര്യ നിക്ഷേപം ഉൾപ്പെടുത്താനുള്ള പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ഫിഫ വ്യക്തമാക്കി. യൂറോപ്യൻ ഫുട്ബോൾ സംഘടനയായ യുവേഫ ഫിഫ ടൂർണമെന്റുകൾ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആഗോള ഫുട്ബോൾ ഭരണസംഘടനയുടെ നിലപാട്. (FIFA World Cup private investment plan)
ലോകകപ്പിനും മറ്റ് മത്സരങ്ങൾക്കുമായി FIFA Forward Enterprise (FFE) എന്ന പേരിൽ പുതിയൊരു സ്ഥാപനത്തിന് രൂപം നൽകാനാണ് ഫിഫയുടെ പദ്ധതി. ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള ഈ സംരംഭത്തിൽ പുറത്തുനിന്നുള്ള നിക്ഷേപകർക്ക് 20 ശതമാനം വരെ പങ്കാളിത്തം നൽകാനാണ് ആലോചന. അമേരിക്കൻ നിക്ഷേപ സ്ഥാപനമായ Thrive Capital നയിക്കുന്ന നിക്ഷേപക കൂട്ടായ്മയാണ് പദ്ധതിയിൽ പ്രധാന പങ്കാളിയാകാൻ സാധ്യതയുള്ളത്. സ്ഥാപനത്തിന്റെ സ്ഥാപകൻ ജോഷ്വ കുഷ്നർ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരഡ് കുഷ്നറുടെ സഹോദരനാണ്. ഫിഫയുടെ പദ്ധതിക്കെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ഉയർത്തിയത് യുവേഫയാണ്. ഫുട്ബോളിന്റെ “ആത്മാവ് വിൽക്കാനുള്ള നീക്കം” എന്നാണ് യുവേഫ പദ്ധതിയെ വിമർശിച്ചത്. വ്യാഴാഴ്ച നടന്ന യോഗത്തിൽ യുവേഫയിലെ 55 അംഗ രാജ്യങ്ങളും ഫിഫ ടൂർണമെന്റുകൾ ബഹിഷ്‌കരിക്കാനുള്ള നിലപാടിനെ പിന്തുണച്ചു.
എന്നാൽ, “ആരും ഫുട്ബോൾ വിൽക്കുന്നില്ല” എന്ന് വ്യക്തമാക്കി ഫിഫ വിമർശനങ്ങൾ തള്ളി. 211 അംഗ രാജ്യങ്ങൾക്കും നിർദേശം പരിശോധിക്കാനും അഭിപ്രായം രേഖപ്പെടുത്താനും അവസരം നൽകുമെന്നും ഭൂരിപക്ഷ പിന്തുണയില്ലാതെ പദ്ധതി നടപ്പാക്കില്ലെന്നും ഫിഫ അറിയിച്ചു. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ മേഖലകളുടെ ഫുട്ബോൾ സംഘടനയായ കോൺകകാഫും പദ്ധതിയെ എതിർത്തു. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനും അംഗരാജ്യങ്ങൾക്ക് അയച്ച കത്തിൽ എല്ലാ മേഖലകളുടെയും പിന്തുണയില്ലാതെ പദ്ധതി വിജയിക്കില്ലെന്ന് മുന്നറിയിപ്പ് നൽകി.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ, പദ്ധതിക്ക് പിന്തുണ നൽകുന്ന അംഗരാജ്യങ്ങൾക്ക് 4 കോടി ഡോളർ വീതം ലഭിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ലോകകപ്പ് പോലുള്ള ആഗോള കായികമേളകൾ ആരാധകരുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും സ്വകാര്യ താൽപര്യങ്ങൾക്ക് വഴങ്ങരുതെന്നും നിരവധി മുൻ താരങ്ങളും പരിശീലകരും അഭിപ്രായപ്പെട്ടു.
Summary: FIFA has decided to continue consultations on its proposed private investment plan for the World Cup and other tournaments despite UEFA’s boycott threat. The plan to create a $20 billion FIFA Forward Enterprise has faced opposition from European and other regional football bodies.


