ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകൾക്ക് ആളുകളെ കൊല്ലാൻ കഴിയുമെന്ന് മുൻ ഗൂഗിൾ സിഇഒ
Fri, 26 May 2023

ചാറ്റ്ജിപിടി പോലുള്ള എഐ ടൂളുകൾക്ക് ആളുകളെ കൊല്ലാൻ കഴിയുമെന്ന മുന്നറിയിപ്പുമായി മുൻ ഗൂഗിൾ സിഇഒ എറിക് ഷ്മിറ്റ്. നിർമിത ബുദ്ധിയുടെ അതിവേഗ കുതിപ്പിനെ മിക്ക ടെക് വിദഗ്ധരും ആശങ്കയോടെയാണ് കാണുന്നത് എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ടെസ്‌ല മേധാവി ഇലോൺ മസ്‌ക് വരെ എഐയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും എഐ ടൂളുകൾ വികസിപ്പിച്ചെടുക്കുന്നത് നിർത്തിവയ്ക്കാൻ ഡെവലപ്പർമാരോട് മസ്ക് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഏറ്റവും അവസാനമായി മുൻ ഗൂഗിൾ സിഇഒയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണങ്ങളുടെ ദൂഷ്യഫലങ്ങൾക്കെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആളുകളെ കൊല്ലുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന സാഹചര്യം വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. എഐ മനുഷ്യരാശിക്ക് ഗുരുതരമായ ഭീഷണിയുയർത്തുമെന്നും വലിയൊരു വിഭാഗം ആളുകൾക്ക് ദോഷമോ മരണമോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സൈബർ കുറ്റവാളികളുടെ എഐ ദുരുപയോഗം തടയാൻ സർക്കാരുകൾ നടപടിയെടുക്കേണ്ടതിന്റെ പ്രാധാന്യവും ഷ്മിറ്റ് എടുത്തുകാട്ടി. എഐ ഒരു ആയുധമായോ തെറ്റായ ലക്ഷ്യങ്ങൾക്കോ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിയന്ത്രണങ്ങളുടെയും നിരീക്ഷണത്തിന്റെയും ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.