യൗവനം നിലനിർത്താൻ മകൻ്റെ രക്തം കുത്തിവച്ച് പിതാവ്

പ്രായം കുറച്ച് യവ്വനം നിലനിർത്താൻ സ്വന്തം മകൻ്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവച്ച് പിതാവ്. അമേരിക്കയിലാണ് സംഭവം. അമേരിക്കയിലെ ഡാല്ലസിൽ നിന്നുള്ള ടെക് കമ്പനിയുടമയായ ബ്രയാൻ ജോൺസണാണ് മകൻ്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവച്ചത്. ഡാല്ലസിലെ ഒരു ക്ലിനിക്കിൽ വച്ച് മാസങ്ങളോളമായി പതിനേഴുകാരനായ മകൻ്റെ ശരീരത്തിൽ നിന്നെടുക്കുന്ന രക്തം നാല്പത്തിയഞ്ചുകാരനായ തന്റെ ശരീരത്തിൽ അല്പാല്പമായി കുത്തിവയ്ക്കുകയാണ് ബ്രയാൻ.
പ്രായം ചെന്നവർ യുവാക്കളുടെ രക്തം സ്വീകരിക്കുന്നതു വഴി ചുറുചുറുക്കും മെച്ചപ്പെട്ട ചിന്താശേഷിയും കൈവരിക്കാം എന്നാണ് ബ്രയാൻ്റെ വാദം. ഇത്തരത്തിൽ വിവിധ മാർഗങ്ങളിലൂടെ യൗവനവും ചുറുചുറുക്കും നിലനിർത്താനുള്ള വഴികൾ തേടിക്കൊണ്ടിരിക്കുകയാണ് ബ്രയാൻ.
ശരീരത്തിൽ നിന്നും എടുക്കുന്ന രക്തം പല ഘടകങ്ങളായി വേർതിരിച്ചതിനു ശേഷം, അതിൽ നിന്നും പ്ലാസ്മ മാത്രമാണ് കുത്തിവയ്ക്കുന്നത്. ഒരു ലിറ്ററോളം രക്തമാണ് ഇത്തരത്തിൽ കൈമാറ്റം ചെയ്യുന്നത്. യൗവനം നിലനിർത്താനായി യുവാക്കളുടെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവയ്ക്കുന്നതിനെക്കുറിച്ചുള്ള നിരവധി പഠനങ്ങളും പരീക്ഷണങ്ങളും ഏറെക്കാലമായി നടക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഇതിനെപ്പറ്റി ശാസ്ത്രീയമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല.