ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അകമ്പടി വാഹനമിടിച്ച് വയോധിക മരിച്ചു
May 24, 2023, 19:15 IST

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗമായ 'ഡച്ചസ് ഓഫ് എഡിൻബെർഗ്' സോഫിയുടെ വാഹനത്തിന് അകമ്പടി സേവിച്ച പോലീസ് ബൈക്ക് ഇടിച്ച് വയോധിക മരിച്ചു. ഹെലൻ ഹോളണ്ട്(81) എന്ന സ്ത്രീയാണ് അപകടത്തിൽ മരിച്ചത്. ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണത്തിന് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ സഹോദരനായ എഡ്വേഡിന്റെ പത്നി പരമ്പരാഗത കുതിരവണ്ടിയിൽ ലണ്ടൻ നഗരത്തിലൂടെ സഞ്ചരിക്കുന്ന വേളയിലാണ് അപകടം സംഭവിച്ചത്. സീബ്രാ ക്രോസ് വഴി റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികയെ പോലീസ് ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധികയെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മേയ് 10-ന് നടന്ന അപകടത്തിന് ശേഷം കോമ സ്റ്റേജിലായിരുന്ന ഹോളണ്ട് ഇന്ന് രാവിലെയാണ് മരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും സോഫി അടക്കമുള്ള രാജകുടുംബാംഗങ്ങൾ ഹോളണ്ടിന്റെ ബന്ധുക്കളുമായി സംസാരിച്ചെന്നും അധികൃതർ അറിയിച്ചു.