കുടിയേറ്റം നിയന്ത്രിക്കാൻ ബ്രിട്ടനിൽ കർശനനടപടി; വിദേശ വിദ്യാർഥികൾ ആശ്രിതരെ കൊണ്ടുവരുന്നതിനു നിയന്ത്രണം
Thu, 25 May 2023

ലണ്ടൻ: ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികൾ കുടുംബാംഗങ്ങളെക്കൂടി കൊണ്ടുവരുന്നതിനു നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ വംശജയായ ആഭ്യന്തര മന്ത്രി സ്യൂവെല്ല ബ്രേവർമാൻ പാർലമെന്റിൽ പറഞ്ഞു. ഗവേഷണവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിലെ ഒഴികെയുള്ള ബിരുദാനന്തര പഠനത്തിനെത്തുന്ന വിദ്യാർഥികൾക്ക് ഇനി ആശ്രിതരെ കൊണ്ടുവരാനാകില്ല. കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഋഷി സുനക് സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണു പുതിയ നിയമം. ബ്രിട്ടനിൽ തൊഴിൽ തരപ്പെടുത്തുന്നതിനുള്ള പിൻവാതിലായി സ്റ്റുഡന്റ് വീസയെ ഉപയോഗിക്കുന്നതു തടയുകയാണു ലക്ഷ്യമെന്ന് അവർ പറഞ്ഞു. കഴിഞ്ഞ വർഷം വിദേശ വിദ്യാർഥികൾക്കൊപ്പം ബ്രിട്ടനിലെത്തിയ കുടുംബാംഗങ്ങളുടെ എണ്ണം 1.36 ലക്ഷമാണ്. കഴിഞ്ഞ ജൂൺ വരെയുളള കണക്കനുസരിച്ച് കുടിയേറ്റക്കാരുടെ എണ്ണം 5.04 ലക്ഷം വരും. വീസയിലെ ‘സ്റ്റുഡന്റ് റൂട്ടി’ൽ നിന്ന് തൊഴിലിനുള്ള ‘വർക്ക് റൂട്ടി’ലേക്ക് മാറുന്നത് പഠനം കഴിഞ്ഞു മാത്രമാക്കും. പഠനത്തിന്റെ മറവിൽ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ഏജന്റുമാർക്കെതിരെ നടപടിയെടുക്കും.