500 അഭയാർഥികളുമായി സഞ്ചരിച്ച ബോട്ട് മെഡിറ്റനേറിയനിൽ കാണാതായി
May 26, 2023, 19:32 IST

റോം: ലിബിയയിൽ നിന്ന് ഇറ്റലിയിലേക്ക് 500 അഭയാർഥികളുമായി സഞ്ചരിക്കുകയായിരുന്ന ബോട്ട് മെഡിറ്റനേറിയൻ കടലിൽ കാണാതായി. ബോട്ടിന് സാങ്കേതിക തകരാർ ഉണ്ടെന്നും രക്ഷാപ്രവർത്തനം ആവശ്യമാണെന്നുമുള്ള സന്ദേശം ലഭിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ലിബയയിലെ ബെൻഗാസി തുറമുഖത്ത് നിന്നും 320 കിലോമീറ്റർ വടക്കുള്ള മേഖലയിൽ വച്ചാണ് ബോട്ട് കാണാതായത്.
എന്നാൽ രക്ഷാപ്രവർത്തകരും എൻജിഒ കപ്പലുകളും തെരച്ചിൽ നടത്തിയെങ്കിലും ബോട്ട് കണ്ടെത്താൻ സാധിച്ചിട്ടില്ല. ബോട്ടിന്റെ അവശിഷ്ടങ്ങളോ മൃതദേഹങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും സാങ്കേതിക തകരാർ പരിഹരിച്ച ശേഷം ബോട്ട് ചിലപ്പോൾ യാത്ര തുടർന്നുകാണുമെന്നുമാണ് രക്ഷാപ്രവർത്തകർ അറിയിച്ചത്. ഗർഭിണികളും നവജാതശിശുക്കളും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ചിരുന്ന ബോട്ട് ഇറ്റലിയിലെ സിസിലി തുറമുഖം ലക്ഷ്യമിട്ടാണ് യാത്ര തുടങ്ങിയത്.