ഒറ്റപ്രസവത്തിൽ അഞ്ച് കുട്ടികൾക്ക് ജന്മം നൽകി യുവതി
Tue, 24 Jan 2023

റിയാദ്: ഒറ്റപ്രസവത്തിൽ അഞ്ച് കുട്ടികൾക്ക് ജന്മം നൽകി യുവതി. റിയാദിലെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലാണ് 30കാരി പ്രസവിച്ചത്. രണ്ട് മണിക്കൂർ നീണ്ടുനിന്ന സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ഗർഭത്തിെൻറ അഞ്ചാം മാസത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒന്നര മാസത്തോളം നീണ്ട വൈദ്യപരിചരണത്തിന് ശേഷം സങ്കീർണതകളില്ലാതാക്കി ആറാം മാസത്തിന്റെ അവസാന പകുതിയിൽ സിസേറിയന് വിധേയമാക്കുകയായിരുന്നു. സ്ത്രീയും കുട്ടികളും നല്ല ആരോഗ്യമുള്ളവരാണെന്നും പ്രസവസമയത്തും ശേഷവും സങ്കീർണതകളൊന്നുമുണ്ടായിരുന്നില്ലെന്നും മെഡിക്കൽ സിറ്റി അധികൃതർ പറഞ്ഞു. കുട്ടികളുടെ ഭാരം 1000 ഗ്രാം മുതൽ 1300 ഗ്രാം വരെയാണ്. കുട്ടികൾ ഇപ്പോൾ ശ്വസിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളുള്ള നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും മെഡിക്കൽ സംഘം ഇവരെ നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കൽ സിറ്റി അധികൃതർ പറഞ്ഞു.