Times Kerala

3ാം ദിനത്തില്‍ ബേലൂര്‍ മഖ്‌ന നീങ്ങിയത് ഇരുമ്പുപാലത്തേക്ക്, ദൗത്യം പുരോഗമിക്കുന്നു 

 
ഓപ്പറേഷന്‍ ബേലൂര്‍ മഖ്ന; ദൗത്യസംഘത്തില്‍ 200 അംഗങ്ങള്‍

മാനന്തവാടി: ബേലൂര്‍ മഖ്‌നയെന്ന ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം മൂന്നാംദിനത്തിലേക്ക് കടക്കുമ്പോള്‍ കാട്ടാന വനത്തില്‍ മറ്റൊരു പ്രദേശത്തേക്ക് മാറി. പുലര്‍ച്ചെ അഞ്ചര മണിയോടെ ആനയുടെ സഞ്ചാരപാത കൃത്യമായി മനസിലാക്കിയാണ് ദൗത്യസംഘം നീങ്ങുന്നത്. കാട്ടിക്കുളം തിരുനെല്ലി റോഡിലെ ഇരുമ്പുപാലത്തെ ആലത്തൂര്‍ എസ്റ്റേറ്റില്‍ ആണ് നിലവിൽ ആനയുടെ സാന്നിധ്യമുണ്ടായിരിക്കുന്നത്. മണ്ണുണ്ടി കോളനിയുടെ പിറകുവശത്തുള്ള പ്രദേശമാണിത് ആര്‍.ആര്‍.ടി സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഉത്തരമേഖല സി.സി.എഫ് കെ.എസ്. ദീപ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. വനംദ്രുത കര്‍മസേനയും വെറ്റിനറി സംഘവും ഉള്‍പ്പെടെയുള്ള ഇരുനൂറിലധികം വരുന്ന ദൗത്യസംഘമാണ് പൂര്‍ണസജ്ജമായി ആനയെ പിടികൂടാൻ ഇറങ്ങിയത്. 

എന്നാല്‍ മയക്കുവെടിവെക്കാന്‍ തരത്തിൽ ആനയെ കണ്ടെത്തിയാലും ദൗത്യത്തിന് തയ്യാറെടുക്കുമ്പോഴേക്കും മോഴയാന ഇവിടെ നിന്ന് മാറിക്കളയുന്നത് വെല്ലുവിളിയാക്കുകയാണ്. ഇന്നലെ മണ്ണുണ്ടി ഭാഗത്ത് വനത്തിലെ ഒരാള്‍ പൊക്കത്തിലുള്ള കുറ്റിക്കാടുകള്‍ ദൗത്യത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇരുമ്പുപാലം ഭാഗത്ത് വനത്തിനുള്ളിലെ അവസ്ഥയെന്താണെന്ന കാര്യം വ്യക്തമായി അറിവായിട്ടില്ല. 
 

Related Topics

Share this story