'വവ്വാലുകളുടെ താവളം': മാനന്തവാടി പഴശി പാര്‍ക്കിലേക്കുള്ള പ്രവേശനം നിരോധിച്ചു

മാനന്തവാടി: കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ വയനാട്ടിലും കര്‍ശന ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കലക്ടര്‍. വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന മാനന്തവാടി പഴശി പാര്‍ക്കിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം നിരോധിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളുമായി പൊതുജനങ്ങള്‍ സമ്പര്‍ക്കം ഒഴിവാക്കണം. വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങള്‍ ഭക്ഷിക്കുകയോ, വവ്വാലുകളെ ശല്യപ്പെടുത്താനോ പാടില്ല. പട്ടികവര്‍ഗ കോളനികളില്‍ പ്രത്യേക നിപ ജാഗ്രത ബോധവത്കരണം നടത്തുന്നതിന് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.

അതേസമയം സമ്പർക്കത്തിലുള്ള ആളുകളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചട്ടം 300 പ്രകാരമാണ് പ്രസ്താവന.