Times Kerala

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളുടെ ഏകാധിപത്യമാണെന്ന പരാതിയുമായി ഒരു രക്ഷാകര്‍ത്താവ് കൂടി രംഗത്ത്

 
യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളുടെ ഏകാധിപത്യമാണെന്ന പരാതിയുമായി ഒരു രക്ഷാകര്‍ത്താവ് കൂടി രംഗത്ത്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളുടെ ഏകാധിപത്യമാണെന്ന പരാതിയുമായി ഒരു രക്ഷാകര്‍ത്താവുകൂടി രംഗത്തെത്തി. ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയുടെ പിതാവായ തിരുവനന്തപുരം സ്വദേശി ഗോപകുമാറിന്റെ കത്തിലും ശബ്ദ സന്ദേശത്തിലുമാണ് കോളേജിലെ വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനമുള്ളത്. പഠനാന്തരീക്ഷം മോശമാണെന്നുകാട്ടി ഒരു വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെയാണ് ഇതേ പരാതികളുമായി ഒരു രക്ഷാകര്‍ത്താവുകൂടി എത്തിയിട്ടുള്ളത്.പാര്‍ട്ടി പരിപാടികള്‍ക്കും മറ്റ് യോഗങ്ങള്‍ക്കും സെക്രട്ടേറിയറ്റ്‌ നടയിലെ പരിപാടികള്‍ക്കുമെല്ലാം നിര്‍ബന്ധിച്ചാണ് വിദ്യാര്‍ഥിനികളെ കൊണ്ടുപോകുന്നതെന്ന് രക്ഷാകര്‍ത്താവ് ആരോപിക്കുന്നു.തയ്യാറാകാത്തവരോട് വളരെ മോശം ഭാഷയിലാണ് സംസാരിക്കുന്നത്. ഇടുക്കിയിലെ കര്‍ഷക കുടുംബത്തില്‍നിന്ന്‌ എത്തിയ കുട്ടി ഇവരുടെ ശല്യം സഹിക്കാതെ ഇടയ്ക്ക് പഠനം നിര്‍ത്തിപ്പോയി. ക്ലാസ് നടന്നുകൊണ്ടിരിക്കുമ്ബോള്‍ അധ്യാപകരെ ഇറക്കിവിട്ടാണ് യൂണിറ്റ് യോഗങ്ങള്‍ നടക്കുന്നത്. ലൈബ്രറിയില്‍ പോകാന്‍പോലും യൂണിയന്‍ നേതാക്കളുടെ അനുമതി വേണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സംഘടനാ പരിപാടികളില്‍ പങ്കെടുത്തില്ലെങ്കില്‍ ഹാള്‍ ടിക്കറ്റ് ബലംപ്രയോഗിച്ച്‌ പിടിച്ചുവാങ്ങുമെന്നും ഇനി പഠിക്കണമോയെന്ന കാര്യം തങ്ങള്‍ തീരുമാനിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ആണ്‍കുട്ടികളെ ഒഴിഞ്ഞ മുറികളില്‍ കൊണ്ടുപോയി മര്‍ദിക്കും. രക്ഷാകര്‍ത്താക്കള്‍ക്ക് പരാതി ഉന്നയിക്കാന്‍ ഒരു വേദിയുമില്ലെന്നും അധ്യാപക രക്ഷാകര്‍തൃ സമിതി യോഗങ്ങള്‍ വിളിക്കാറില്ലെന്നും ഗോപകുമാര്‍ പറയുന്നു.യൂണിയന്‍ നേതാക്കള്‍ വേട്ടയാടുന്നുവെന്ന പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ സേവ് യൂണിവേഴ്‌സിറ്റി കോളേജ് കാമ്ബയിന്‍ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുമെന്ന് കണ്‍വീനര്‍ എം.ഷാജര്‍ഖാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ നിരവധി രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ അനുഭവിക്കുന്ന ദുരിതം വിവരിച്ച്‌ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story