പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കേണ്ടതില്ല – ടിക്കാറാം മീണ
കൊച്ചി: പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ ക്രമക്കേടു കാട്ടിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കേണ്ടതില്ലെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ കൈപ്പറ്റി പോലീസ് അസോസിയേഷന് നേതാക്കള്‍ വോട്ടു രേഖപ്പെടുത്തിയ സംഭവത്തില്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയിലാണു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യം ഹൈക്കോടതിയില്‍ ബോധിപ്പിച്ചത് .തെരഞ്ഞെടുപ്പു വിജ്ഞാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള നടപടികളില്‍ കോടതികള്‍ ഇടപെടരുതെന്നു സുപ്രീം കോടതിയുടെ വിധിയുണ്ടെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.