ട്വിറ്ററിൽ ട്രംപിന്റെ കുതിപ്പ്
ന്യൂഡൽഹി: സമൂഹമാധ്യമമായ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്നത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ. ഫ്രാൻസിസ് മാർപാപ്പയെ പിന്നിലാക്കിയാണ് ട്രംപിന്റെ കുതിപ്പ്.
നാലു കോടി ആളുകളാണ് ട്വിറ്ററിൽ ട്രംപിനെ പിന്തുടരുന്നത്. മാർപാപ്പയ്ക്കു 3.95 കോടി ഫോളോവേഴ്സുണ്ട്. ഒന്പതു ഭാഷകളിലായാണ് മാർപാപ്പയുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ട്വിറ്ററിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ മൂന്നാമത്. 3.49 കോടി ആളുകൾ മോദിയെ പിന്തുടരുന്നു. മോദിയുടെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിലുള്ള അക്കൗണ്ടിന് 2.13 കോടി പിന്തുടർച്ചക്കാരുമുണ്ട്.
അഞ്ച്, ആറ് സ്ഥാനങ്ങളിൽ യുഎസ് പ്രസിഡന്റിന്റെയും വൈറ്റ് ഹൗസിന്റെയും അക്കൗണ്ടുകളാണുള്ളത്. തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ ട്വിറ്ററിലെ പിന്തുടർച്ചക്കാരിൽ ഏഴാം സ്ഥാനം നേടിയപ്പോൾ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് എട്ടാം സ്ഥാനത്ത്.