ജൂൺ 7നു കൺസർവേറ്റിവ് പാർട്ടി നേതൃസ്ഥാനം ഒഴിയും
May 25, 2019, 22:46 IST
ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്ന ഹിതപരിശോധനയുടെ തീരുമാനം നടപ്പാക്കാൻ കഴിയാത്തതിനെ തുടർന്ന്, പ്രധാനമന്ത്രി തെരേസ മേ രാജിവയ്ക്കുന്നു. അതിനു മുന്നോടിയായി ജൂൺ 7നു കൺസർവേറ്റിവ് പാർട്ടി നേതൃസ്ഥാനം ഒഴിയുമെന്നു ഡോണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജനഹിതം നടപ്പിലാക്കാൻ ആവുന്നതെല്ലാം ചെയ്തുകഴിഞ്ഞെന്നും എംപിമാരുടെ പിന്തുണ നേടുന്നതിലും ‘ബ്രെക്സിറ്റ്’ പ്രക്രിയ പൂർത്തിയാക്കുന്നതിലും പരാജയപ്പെട്ടതിൽ ഖേദമുണ്ടെന്നും തെരേസ മേ പറഞ്ഞു. ജൂലൈ അവസാനം പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കും വരെ മേ ചുമതലയിൽ തുടരും.