Times Kerala

കോൺഗ്രസ് കർണ്ണാടക പ്രദേശ് കമ്മിറ്റി പിരിച്ചുവിട്ടു

 
കോൺഗ്രസ് കർണ്ണാടക പ്രദേശ് കമ്മിറ്റി പിരിച്ചുവിട്ടു

ബെംഗലുരു: കോൺഗ്രസ് കർണ്ണാടക പ്രദേശ് കമ്മിറ്റി(കെപിസിസി)യെ പിരിച്ചുവിട്ടു.   സംഘടനാകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം പുറത്തുവിട്ടത്.  പിസിസി പ്രസിഡന്റായി ദിനേശ് ഗുണ്ടുറാവുവിനെയും വർക്കിംഗ് പ്രസിഡന്റായി ഈശ്വർ.ബി.ഖാന്ദ്രേയും നിലനിർത്തിക്കൊണ്ടാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത്.

സഖ്യസർക്കാരിനെ നിലനിർത്തുന്നതിലുള്ള വിഷമതകളെ കുറിച്ച് മുഖ്യമന്ത്രി കുമാരസ്വാമി പ്രതികരിച്ചതിന് പിന്നാലെയാണ് കോൺഗ്രസിന്റെ ഈ നിർണായക നീക്കം.  കർണ്ണാടകയിൽ സഖ്യ സർക്കാരിൽ ഭിന്നിപ്പ് രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കർണ്ണാടക പി.സി.സിയെ പിരിച്ച് വിട്ടത്.  സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായാണ് സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. സംസ്ഥാന കമ്മിറ്റിയെ പിരിച്ചു വിടാൻ രാഹുൽ ഗാന്ധിയോട് അവശ്യപ്പെട്ടിരുന്നെന്ന് ദിനേഷ് ഗുണ്ടുറാവു പ്രതികരിച്ചു.

സഖ്യ സർക്കാരിൽ കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതായുള്ള സൂചനകൾ കഴിഞ്ഞ ദിവസം കർണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ വാക്കുകളിലുണ്ടായിരുന്നു. സ‌ർക്കാരിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനായി തന്റെ വിഷമതകൾ ഉള്ളിലൊതുക്കുകയാണെന്നാണ് കുമാരസ്വാമി പറഞ്ഞത്. അതിനിടെയാണ് മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യക്കെതിരെ പരസ്യവിമർശനം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവും ശിവജിനഗർ എംഎൽഎയുമായ റോഷൻ ബേഗിനെ പാർട്ടിവിരുദ്ധ പ്രവർത്തനം ആരോപിച്ച് കോൺഗ്രസിൽ നിന്നും സസ്പെന്റ് ചെയ്തതതും.

Related Topics

Share this story