ചൊറിയണം കൊണ്ട് മുണ്ടിനടിയിൽ ഇടുക, മഷി ഒഴിക്കുക, കേട്ടാലറയ്ക്കുന്ന തെറികൾ വിളിക്കുക; ഇതാണോ ഫെമിനിസം? ഇതെല്ലാം പേരുണ്ടാക്കാൻ വേണ്ടി: പി സി ജോർജ്ജ്
കൊച്ചി : അശ്ലീല യൂട്യൂബര്‍ വിജയ് പി.നായരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും, ദിയാസനയും,ശ്രീലക്ഷ്മി അറയ്ക്കലും ചേർന്ന് വീട്ടിൽ കയറി കയ്യേറ്റം ചെയ്ത സംഭവത്തിൽ വിമർശനവുമായി പി.സി.ജോർജ് എംഎൽഎ. മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ പങ്കെടുക്കുമ്പോഴാണ് സംഭവത്തെ കുറിച്ച് അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഏറ്റവും ദുഃഖം തോന്നി, ഫെമിനിസത്തിന് ഒരു വിലയില്ലേ?, സ്ത്രീത്വത്തിന് വിലയില്ലേ?, സ്ത്രീത്വത്തിന്റെ വില കളയുന്ന നടപടിയാണ് ഇവര്‍ സ്വീകരിച്ചത്. വിജയ് നായര്‍ എന്ന പൊട്ടന് പറഞ്ഞത് ഒട്ടും ശരിയല്ല. ഇത്രമോശം ഭാഷയില്‍ ഒരു സ്ത്രീയെയും പറയരുതെന്നാണ് എന്റെ പക്ഷം. എന്നാല്‍ നടപടി ഇതല്ല. ഇവരുപോയി അവന് രണ്ട് അടികൊടുത്തിട്ട് ഇറങ്ങി വന്നിരുന്നെങ്കിലും ഇത്ര പ്രശ്നമില്ലായിരുന്നു. ചൊറിയണം കൊണ്ട് മുണ്ടിനടിയില്‍ ഇടുക, മഷി ഒഴിക്കുക, കേട്ടാലറയ്ക്കുന്ന തെറി വിളിക്കുക. അതില്‍ ആ തെറി വിളിക്കുന്ന പെണ്‍കുട്ടി ഒരു സ്ത്രീയാണോ എന്നുപോലും തോന്നിപ്പോയി. അത്രമാത്രം കേട്ടാലറയ്ക്കുന്ന തെറിവിളി. ഇതാണോ ഫെമിനിസം. ഇങ്ങനെയാണോ സ്ത്രീത്വം. ഈ പറയുന്നവര്‍ ആംബുലന്‍സില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ എവിടെയായിരുന്നു. അപ്പോള്‍ ഇതെല്ലാം പേരുണ്ടാക്കാനുള്ള വേലയാണ്.’ -പി സി ജോര്‍ജ് പറഞ്ഞു.