രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്നത് ഭയപ്പെടുത്തലിന്‍റെ രാഷ്ട്രീയം; കോൺഗ്രസ്
Sun, 19 Mar 2023

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് പൊലീസ് നോട്ടീസ് നൽകിയത് രാഷ്ട്രീയ പ്രതികാര നടപടിയെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ് വി. വിശദാംശങ്ങൾ തേടി രണ്ട് ദിവസത്തിനിടെ മൂന്ന് തവണയാണ് പൊലീസ് എത്തിയതെന്നും , ഇത് രാഷ്ട്രീയ പ്രതികാര നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 10 ദിവസത്തിനുള്ളിൽ മറുപടി നൽകാമെന്ന് രാഹുൽ ഗാന്ധി അറിയിച്ചതാണ്. ഇതിനിടയിൽ പൊലീസ് വീണ്ടും വന്നത് വിവാദം സൃഷ്ടിക്കാനാണ്. പൊലീസിന്‍റെ ഉദ്ദേശ്യശുദ്ധി നല്ലതല്ല. ഭയപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെന്നും അഭിഷേക് സിങ് വി മാധ്യമങ്ങളോട് പറഞ്ഞു.ഇതിനിടെ, രാഹുൽ ഗാന്ധിയുടെ വസതിയിലെ പൊലീസ് നടപടിയിൽ പ്രതിഷേവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. വസതിക്ക് മുമ്പിൽ തടിച്ചു കൂടിയ പ്രവർത്തകർ പൊലീസിനും മോദിക്കും കേന്ദ്ര സർക്കാറിനും എതിരെ മുദ്രാവാക്യം വിളിച്ചു. പിന്നീട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.