യുദ്ധക്കുറ്റം; പുടിനെതിരെ അറസ്റ്റ് വാറന്റുമായി രാജ്യാന്തര കോടതി
Sat, 18 Mar 2023

ആംസ്റ്റർഡാം: യുക്രെയ്ൻ യുദ്ധത്തിനിടെ റഷ്യ നടത്തിയ കുറ്റങ്ങളുടെ പേരിൽ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് രാജ്യാന്തര ക്രിമിനൽ കോടതി(ഐസിസി). യുക്രെയ്നിൽ നിന്ന് അനധികൃതമായി കുട്ടികളെ റഷ്യയിലേക്ക് കടത്തിയതിനാണ് പുടിനെതിരെ വാറന്റ്. വാറന്റ് മൂലം പുടിന് നിലവിൽ നടപടികളൊന്നും നേരിടേണ്ടി വരില്ലെങ്കിലും ഐസിസി അംഗത്വമുള്ള രാജ്യങ്ങളിലേക്ക് പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഹേഗിൽ കോടതിയിൽ പുടിനെ ഹാജരാക്കി വിചാരണ നടത്തും.
ഐസിസി നടപടിയെ പ്രശംസിച്ച് യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങളും രംഗത്തെത്തി. എന്നാൽ നടപടി തെറ്റാണെന്നും കുട്ടികളെ യുദ്ധമുഖത്ത് നിന്ന് സുരക്ഷിതമായി മോസ്കോയിലേക്ക് മാറ്റിയ പദ്ധതിയെ ഐസിസി തെറ്റിധരിച്ചതാണെന്നുമാണ് റഷ്യയുടെ വിശദീകരണം. ഏതെങ്കിലും രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലിരിക്കെ ഐസിസിയുടെ അറസ്റ്റ് വാറന്റ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് പുടിൻ. സുഡാൻ മുൻ പ്രസിഡന്റ് ഒമർ അൽ ബാഷിർ, ലിബ്യൻ മുൻ ഏകാധിപതി മുഅമ്മർ ഗദ്ദാഫി എന്നിവരാണ് ഈ കുപ്രസിദ്ധ പട്ടികയിലെ പുടിന്റെ മുൻഗാമികൾ.