ധീരജവാൻ വൈശാഖിന് നാടിൻറെ അന്ത്യാഞ്ജലി; ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

ധീരജവാൻ വൈശാഖിന് നാടിൻറെ അന്ത്യാഞ്ജലി; ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു 
 കൊല്ലം: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ധീര സൈനികൻ കൊല്ലം സ്വദേശിയായ വൈശാഖിന് ജന്മനാടിന്റെ അന്ത്യാഞ്ജലി.  ഭൗതികശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ കുടവെട്ടൂർ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. നൂറുകണക്കിന് പേരാണ് വൈശാഖിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. കേണൽ മുരളി ശ്രീധരൻ സേനയെ പ്രതിനിധീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി. ഇദ്ദേഹത്തിൽ നിന്നും വൈശാഖിന്റെ പിതാവിന്റെ ജ്യേഷ്ഠന്റെ മകൻ മിഥുൻ ഭൗതിക ദേഹം ഏറ്റുവാങ്ങി. പാങ്ങോട് മിലിട്ടറി ക്യാമ്പിൽ സൂക്ഷിച്ച ശേഷം ഇന്ന് രാവിലെയാണ് ജന്മനാടായ കൊല്ലത്തേയ്‌ക്ക് എത്തിച്ചത്. മന്ത്രി കെ.എൻ. ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവർ വിമാനത്താവളത്തിൽ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

Share this story