വ്യാജ പ്രചരണം നടത്തി; സ്വപ്നക്കും വിജേഷിനുമെതിരെ പരാതി നൽകി സിപിഎം
Fri, 17 Mar 2023

കൊച്ചി: സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കുമെതിരെ പരാതി നൽകി സിപിഎം. മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനുമെതിരായ വ്യാജ പ്രചരണങ്ങളിൽ നടപടി ആവശ്യപ്പെട്ട്, കണ്ണൂർ തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. സ്വപ്നയും വിജേഷും ചേർന്ന് വ്യാജ വീഡിയോ ഉണ്ടാക്കിയെന്നും വിഡിയോയിലെ ദൃശ്യങ്ങൾ പുറത്തു വിടാത്തതിൽ ദുരൂഹത ഉണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നുവെന്നും വ്യാജ രേഖ ചമച്ചെന്നും പരാതിക്കാരൻ ആരോപിക്കുന്നു.അതേസമയം, പരാതിയിൽ ഇതുവരെ പൊലീസ് എഫ്ഐആര്‍ എടുത്തിട്ടില്ല.ചില നിയമോപദേശം ലഭിച്ചതിനു ശേഷമേ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യു എന്നാണ് വിവരം. പൊലീസിന്‍റെ ഭാഗത്തു നിന്നും ഉചിതമായി നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് സിപിഎം തീരുമാനം.