ഉത്രയുടെ അച്ഛന്റെ മൊഴി വായിക്കണം, എല്ലാ കാര്യങ്ങളും മനസ്സിലാകും; കോടതിയില്‍ നടന്നതല്ല വാര്‍ത്ത; പ്രതികരിച്ച് സൂരജ്

ഉത്രയുടെ അച്ഛന്റെ മൊഴി വായിക്കണം, എല്ലാ കാര്യങ്ങളും മനസ്സിലാകും; കോടതിയില്‍ നടന്നതല്ല വാര്‍ത്ത; പ്രതികരിച്ച് സൂരജ്
 

കൊല്ലം: ഉത്ര വധക്കേസില്‍ ശിക്ഷാവിധിക്ക് ശേഷം ജയിലിലേക്ക് മടക്കിക്കൊണ്ടു പോകവേ മാധ്യമങ്ങളോട് പ്രതി സൂരജിന്റെ അപ്രതീക്ഷിത പ്രതികരണം. കോടതിയില്‍ നടന്ന ഒരു കാര്യവുമല്ല മാധ്യമങ്ങളിൽ വരുന്നതെന്നും,  ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി മാത്രം വായിച്ചുനോക്കിയാല്‍ മതി, എല്ലാ കാര്യങ്ങളും മനസ്സിലാകുമെന്നും സൂരജ് കോടതിയില്‍ നിന്ന് പുറത്തിറങ്ങവേ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയില്‍ ഉത്രയുടെ അച്ഛന്‍ നല്‍കിയ മൊഴി ഇനി ആര്‍ക്കും മാറ്റാനാവില്ലല്ലോ. ഉത്രയെ കുറിച്ചും എന്റെ കുഞ്ഞിനെ കുറിച്ചും എല്ലാം പറയുന്നത് കഥകളാണെന്നും സൂരജ് വിളിച്ച് പറയുന്നുണ്ടായിരുന്നു. അതേസമയം, പ്രതികരണം പൂര്‍ത്തീകരിക്കാന്‍ സൂരജിനെ പോലീസ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല.

കേസില്‍ സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി 17 വര്‍ഷം തടവിനുശേഷം ഇരട്ടജീവപര്യന്തമാണ് വിധിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിക്കാതിരുന്നത് ക്രിമിനല്‍ പശ്ചാത്തലമില്ലാത്തതും പ്രായവും പരിഗണിച്ചാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.
 

Share this story