കോവിഡ് കുതിക്കുന്നു; സംസ്ഥാനത്ത്​ കൂടുതൽ നിയന്ത്രണങ്ങൾക്ക്​ സാധ്യത; നാളെ വീണ്ടും അവലോകന യോഗം ചേരും

 കോവിഡ് കുതിക്കുന്നു; സംസ്ഥാനത്ത്​ കൂടുതൽ നിയന്ത്രണങ്ങൾക്ക്​ സാധ്യത; നാളെ വീണ്ടും അവലോകന യോഗം ചേരും
 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗം പിടിമുറുക്കുന്നു സാഹചര്യത്തിൽ നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വീണ്ടും കോവിഡ്​ അവലോകന യോഗം ചേർന്നേക്കും. രോഗബാധിതരുടെ ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക്​ സാധ്യതയുണ്ട്​. വാരാന്ത്യ നിയന്ത്രണമടക്കം സർക്കാരിന്റെ പരിഗണനയിലാണെന്നാണ്​ സൂചന. കഴിഞ്ഞ അവലോകന യോഗത്തിൽ സ്​കൂളുകൾ അടയ്​ക്കണമെന്ന നിർദേശം ഉയർന്നിരുന്നെങ്കിലും അത്തരമൊരു നടപടിയിലേക്ക് തത്കാലം​ പോകണ്ട എന്നായിരുന്നു സർക്കാരിന്റെ നിലപാട്​. 

എന്നാൽ, സ്​കൂളുകൾക്കും ഓസുകൾക്കും നിയന്ത്രണം വേണമെന്ന്​ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്​. നിലവില്‍ കല്യാണങ്ങളടക്കമുള്ള സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ചുരിക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ചികിത്സക്കായി ശനിയാഴ്ച അമേരിക്കയിലേക്ക് പോകുന്ന സാഹചര്യം പരിഗണിച്ചാണ് നാളെ അടിയന്തര യോഗം ചേരുന്നത്. അടുത്ത രണ്ടാഴ്ച നടക്കുന്ന അവലോകന യോഗങ്ങളില്‍ മുഖ്യമന്ത്രി ഉണ്ടാകില്ല. അതിനാൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യം ഗുരുതരമാകുന്നത് തടയാനായി നാളെ ചേരുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും.

കേരളത്തില്‍ 12,742 പേര്‍ക്കാണ്​ കോവിഡ്-19 സ്ഥിരീകരിച്ചത്​. കഴിഞ്ഞ അവലോകന യോഗത്തി​െൻറ സമയത്ത്​ അത്​ ആറായിരത്തോളമായിരുന്നു. രോഗവ്യാപന നിരക്ക് 15 ശതമാനത്തിന് മുകളിലുമെത്തിയിരിക്കുകയാണ്​. 20 മുതൽ 40 വയസിനിടയില്‍ ഉള്ളവരിലാണ് രോഗവ്യാപനം കൂടുതൽ.

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,47,417 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് പ്രതിദിന കേസുകള്‍ കുതിക്കുകയാണ്. ഇന്നലത്തേക്കാള്‍ 27 ശതമാനം വര്‍ധനയാണ് രാജ്യത്ത് കോവിഡ് കേസുകളിലുണ്ടായിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ 380 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടു. 84,825 പേര്‍ രോഗമുക്തി നേടി. 13.11 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. നിലവില്‍ രാജ്യത്ത് 11,17,531 സജീവ കേസുകളാണുള്ളത്.

Share this story