അരിക്കൊമ്പന് കുമളിക്കടുത്തുള്ള ജനവാസമേഖലയില്‍
Fri, 26 May 2023

ഇടുക്കി: വെള്ളിയാഴ്ച രാത്രി അരിക്കൊമ്പന് ജനവാസമേഖലയിലെത്തി. കുമളി റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റര്‍ അടുത്താണ് കാട്ടാന എത്തിയത്. റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് കയറ്റിവിട്ടു. ഇപ്പോള്‍, റോസപ്പൂകണ്ടം ഭാഗത്തു നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം അകലെ വനത്തിനുള്ളില്‍ ആണ് അരിക്കൊമ്പനുള്ളത്. പലവട്ടം വെടിവെച്ചതിനു ശേഷമാണ് ആന ജനവാസ മേഖലയില്‍ നിന്നും പോകാന്‍ തയ്യാറായത്.
ജിപിഎസ് കോളറില്‍ നിന്നുള്ള വിവങ്ങളില്‍ നിന്നാണ് അരിക്കൊമ്പന്റെ സഞ്ചാരപാത വനംവകുപ്പ് നിരീക്ഷിക്കുന്നത്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് അറിയിച്ചു.