ഭാരത് ജോഡോ യാത്രയിലെ പരാമര്‍ശം: വിവരം തേടി ഡൽഹി പൊലീസ് രാഹുലിന്റെ വസതിയിൽ

 ഭാരത് ജോഡോ യാത്രയിലെ പരാമര്‍ശം: വിവരം തേടി ഡൽഹി പൊലീസ് രാഹുലിന്റെ വസതിയിൽ
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ വിവരങ്ങള്‍ തേടി ഡല്‍ഹി പോലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തി. ഞായറാഴ്ച രാവിലെയാണ് സ്​പെഷ്യൽ കമീഷണൽ സാഗർ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാഹുലിന്റെ വസതിയിലെത്തിയത്. ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ, സ്ത്രീകള്‍ ഇപ്പോഴും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയമാവുന്നതായി താന്‍ കേട്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പോലീസ് രാഹുലിന്റെ വസതിയിലെത്തിയത്. മാർച്ച് 16ന് ഇതുസംബന്ധിച്ച് ഡൽഹി പൊലീസ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു.  എന്നാല്‍ ഇതിനോട് രാഹുല്‍ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പോലീസ് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരിക്കുന്നത്.

'രാഹുലിനോട് സംസാരിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നത്. ജനുവരി 30-ന് ശ്രീനഗറില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവര്‍ ബലാത്സംഗത്തിനിരയായതായി തന്നോട് പറഞ്ഞിരുന്നുവെന്നുമുണ്ട്. ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനായി ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് വിശദാംശങ്ങള്‍ തേടുകയാണ്' പോലീസ് സംഘത്തിന് നേതൃത്വം നല്‍കുന്ന സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ സാഗര്‍ പ്രീത് ഹൂഡ പറഞ്ഞു.
 

Share this story