അരുണാചൽ ഹെലികോപ്റ്റർ അപകടം: പൈലറ്റുമാരുടെ മരണം സ്ഥിരീകരിച്ചു
Thu, 16 Mar 2023

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ലഫ്റ്റനന്റ് കേണലും മേജറുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ അരുണാചൽ പ്രദേശിലെ പടിഞ്ഞാറൻ കമെംഗ് ജില്ലയിലെ മണ്ഡലയിലാണ് അപകടമുണ്ടായത്. കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ ആണ് തകർന്നത്. രാവിലെ 9.15 ന് ആണ് ഹെലികോപ്റ്ററിനു എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമാകുന്നത്. തകർന്നു വീണ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ മണ്ഡലയിലെ ബംഗ്ലാജാപ് ഗ്രാമത്തിനു സമീപമാണ് കണ്ടെത്തി. ഗ്രാമവാസികളാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഉടനെ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കുകയായിരുന്നു. അപകടം നടന്നതിനു പിന്നാലെ കരസേന, സശാസ്ത്ര സീമ ബൽ, ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) എന്നിവയുടെ അഞ്ച് ടീം തെരച്ചിൽ ആരംഭിച്ചിരുന്നു. അരുണാചലിലെ സാംഗെയിൽനിന്നും രാവിലെ ഒൻപതിന് പറന്നുയർന്ന ഹെലികോപ്റ്റർ ആസാമിലെ സോനിത്പുരിലേക്ക് പോകുകയായിരുന്നു. രാവിലെ 09:15 ന് അരുണാചലിലെ ബോംഡിലയ്ക്ക് സമീപം ഹെലികോപ്റ്ററിനു എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായി.