ഹർത്താലിനിടെ സംസ്ഥാനത്ത് അക്രമം; കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക കല്ലേറ്
Sep 23, 2022, 09:28 IST

തിരുവനന്തപുരം: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ വ്യാപകമായി കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം. തിരുവനന്തപുരം അട്ടക്കുളങ്ങരയിലും എറണാകുളം പകലോമറ്റത്തും കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു.എറണാകുളം പകലോമറ്റത്ത് ആലുവയിൽ നിന്നും ചേർത്തലയിലേക്ക് പോകുകയായിരുന്ന ബസിന് നേരെ രാവിലെ 6.20ഓടെയാണ് ആക്രമണം നടന്നത്.ബസ് നിർത്തി ആളുകളെ ഇറക്കുന്നതിനിടെ രണ്ടു ബൈക്കുകളിലെത്തിയ സംഘം ഒരേസമയം മുന്നിലെയും പിന്നിലെയും ചില്ലുകൾക്ക് നേരെ കല്ലെറിയുകയായിരുന്നു. ബസിന്റെ മുന്നിലെ ചില്ല് പൂർണമായും തകർന്നു. സംഭവസമയം 15ഓളം ആളുകൾ ബസിലുണ്ടായിരുന്നു.തിരുവനന്തപുരം, കാരകോണത്ത് നിന്നും വന്ന ബസ് അട്ടക്കുളങ്ങരയിലെത്തിയപ്പോൾ ഹെൽമറ്റ് ധരിച്ച് രണ്ടു ബൈക്കുകളിലെത്തിയ സംഘം കല്ലെറിയുകയായിരുന്നു. ഒരേസമയം ബസിന്റെ മുന്നിലെയും പുറകിലെയും ചില്ലുകൾക്ക് നേരെ കല്ലെറിഞ്ഞു.