Times Kerala

 ഏഴു പേരുടെ ജീവനെടുത്ത തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് അല്ല, പ്രണയനൈരാശ്യം: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

 
ഏഴു പേരുടെ ജീവനെടുത്ത തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് അല്ല, പ്രണയനൈരാശ്യം: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
 ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ശനിയാഴ്ച ഏഴുപേരുടെ ജീവനെടുത്ത തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. . ഫ്ളാറ്റിലെ യുവതി പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതികാരമായി യുവാവ് നടത്തിയ ആക്രമണമാണ് ഏഴു മനുഷ്യജീവനുകൾ നഷ്ടപ്പെട്ട അപകടത്തിന് കാരണമെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിലെ ഒരു ഫ്ളാറ്റിലെ താമസക്കാരൻ കൂടിയായ ശുഭം ദീക്ഷിത്തിനെ (27) പോലീസ് ശനിയാഴ്ച രാത്രി കസ്റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.  വിജയ്നഗർ സ്വർണഭാഗ് കോളനിയിലുള്ള കെട്ടിടത്തിലെ മറ്റൊരു ഫ്ളാറ്റിൽ താമസിച്ചിരുന്ന യുവതിയോട് ശുഭം ദീക്ഷിത് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ ഇത് നിരസിച്ച യുവതിയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിക്കുകയും ചെയ്തു. ഇതിൽ കുപിതനായ ശുഭം ശനിയാഴ്ച പുലർച്ചെ കെട്ടിടത്തിന്‍റെ പാർക്കിംഗ് ഏരിയയിലെത്തി യുവതിയുടെ സ്കൂട്ടറിന് തീയിട്ടു. എന്നാൽ സ്കൂട്ടറിൽ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടർന്നതോടെ വൻദുരന്തത്തിൽ കലാശിക്കുകയായിരുന്നു.ഏഴുപേരാണ് തീപിടിത്തത്തിൽ വെന്തുമരിച്ചത്. ഒമ്പതുപേർ ഗുരുതരമായ പൊള്ളലുകളോടെ ചികിത്സയിലാണ്. മൂന്നുമണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. അപകടത്തിനു പിന്നാലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ശുഭം ദീക്ഷിത് സ്കൂട്ടറിന് തീയിടുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചത്. അതേസമയം, യുവതിയും കുടുംബവും അപകടത്തിൽ നിന്നും രക്ഷപെട്ടു.

Related Topics

Share this story