Times Kerala

കടല്‍ക്കൊല കേസ്: ബോട്ട് ഉടമയ്ക്കു ലഭിച്ച തുകയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

 
suprem court
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ സെന്റ് ആന്റണീസ് ബോട്ടില്‍ ഉണ്ടായിരുന്ന എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും അഞ്ചുലക്ഷം രൂപ വീതം നല്‍കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. ബോട്ട് ഉടമ ഫ്രഡിക്ക് നഷ്ടപരിഹാരമായി ലഭിച്ച രണ്ടുകോടിയില്‍ നിന്നാണ് ഈ തുക നല്‍കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഇറ്റാലിയന്‍ നാവികര്‍ വെടിയുതിര്‍ക്കുമ്പോള്‍ ബോട്ടില്‍ ഉണ്ടായിരുന്ന, പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പടെ ഒന്‍പത് മത്സ്യത്തൊഴിലാളികള്‍ക്ക് തുക നല്‍കാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

നാവികരുടെ വെടിയേറ്റു മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാലുകോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിച്ചത്. ഇതിന് പുറമേ സെന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരമായി നല്‍കാനും രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇറ്റലി നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ ഫ്രഡിക്ക് ലഭിക്കുന്ന തുക തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി മത്സ്യത്തൊഴിലാളികള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

രണ്ടുകോടി രൂപയില്‍ 1.55 കോടി രൂപ ഫ്രഡിക്കും ബാക്കി തുക തുല്യമായി ഒന്‍പത് മത്സ്യത്തൊഴിലാളികള്‍ക്കും നല്‍കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. രണ്ടുകോടി തുല്യമായി വീതിച്ച് ഓരോത്തര്‍ക്കും ഇരുപത് ലക്ഷം രൂപ വീതം ലഭിക്കണം എന്നായിരുന്നു മല്‍സ്യ തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
 

Related Topics

Share this story