സംസ്ഥാനത്ത് മഴ തുടരുന്നു; അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയിൽ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ഇടുക്കി അണക്കെട്ടിൽ 2382.53 അടി ജലനിരപ്പ് രേഖപ്പെടുത്തി. 10 സ്പിൽവേ ഷട്ടറുകൾ തുറന്ന് ജലനിരപ്പ് നിയന്ത്രിക്കാൻ ശ്രമിച്ച മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ 138.10 അടി വെള്ളമുണ്ട്. പന്പ, കക്കി, ആനത്തോട് അണക്കെട്ടുകളിലെ ബ്ലൂ അലർട്ട് പിൻവലിച്ചിട്ടില്ല. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന മലന്പുഴ അണക്കെട്ടിൽ 112.44 അടിയാണ് ജലനിരപ്പ്. സൈലന്റ് വാലി മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഭവാനിപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ജലനിരപ്പ് ഉയർന്നു; ഇടുക്കി അണക്കെട്ടിൽ റെഡ് അലേർട്ട്
ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം സ്പിൽവേയിലൂടെ ഒഴുക്കി വിടുന്നതിൻ്റെ ഭാഗമായി മുന്നാം ഘട്ട മുന്നറിയിപ്പായി രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 10 സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് തന്നെയാണെന്നാണ് റിപ്പോർട്ട്.